എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ലയിലേക്ക് തിരിച്ചെത്തില്ല, താരം രണ്ടു ലീഗുകളിലേക്ക് ചേക്കേറാൻ സാധ്യത
ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി തകർപ്പൻ പ്രകടനം നടത്തി കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. ഫൈനലിൽ അടക്കം രണ്ടു ഷൂട്ടൗട്ടുകളിൽ തിളങ്ങിയ താരം അതിനു പുറമെ മത്സരങ്ങൾക്കിടയിലും അർജന്റീനയെ രക്ഷിക്കുന്ന നിരവധി സേവുകൾ നടത്തി. 2021ൽ മാത്രം അർജന്റീനക്കായി ആദ്യമായി കളിക്കാനിറങ്ങുന്ന മാർട്ടിനസ് കഴിഞ്ഞ കോപ്പ അമേരിക്കയിൽ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കാൻ സഹായിച്ചതിനു പുറമെയാണ് ലോകകപ്പിലും അർജന്റീനക്കായി മികച്ച പ്രകടനം നടത്തിയത്.
ലോകകപ്പിലെ ഹീറോ ആയിരുന്നെങ്കിലും ലോകകപ്പിനു ശേഷം എമിലിയാനോ മാർട്ടിനസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പക്കെതിരെ താരം നടത്തിയ കളിയാക്കലുകൾ ആണ് ഇതിനു കാരണമായത്. മത്സരത്തിനു ശേഷവും അർജന്റീനയിൽ വെച്ചു നടത്തിയ പരേഡിലും എംബാപ്പയെ താരം കളിയാക്കിയിരുന്നു. ഇതേതുടർന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് എമിലിയാനോ മാർട്ടിനസിന്റെ ക്ലബായ ആസ്റ്റൺ വില്ല പരിശീലകൻ ഉനെ എമറി താരത്തെ വിൽക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
World Cup winner Emiliano Martínez could join Bayern Munich, who are looking to replace Manuel Neuer after the German suffered a season-ending injuryhttps://t.co/NqRNAPsAin
— AS USA (@English_AS) December 26, 2022
അതേസമയം ആസ്റ്റൺ വില്ല വിൽക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനു മുൻപ് തന്നെ എമിലിയാനോ മാർട്ടിനസ് ക്ലബ് വിടുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. താരത്തിന്റെ ഏജന്റ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ഇന്ന് എമിലിയാനോ മാർട്ടിനസിനെപ്പോലൊരു ഗോൾകീപ്പറെ വാങ്ങാൻ കഴിയുന്ന ഏതാനും ടീമുകളുണ്ട്. സീരി എ? എന്തു കൊണ്ട് സംഭവിച്ചുകൂട? ഉയരങ്ങളാണ് ലക്ഷ്യം വെക്കുന്നത്, ചാമ്പ്യൻസ് ലീഗ് പോലെയുള്ള കാര്യങ്ങൾ.” താരത്തിന്റെ ഏജന്റായ ഗുസ്താവോ ഗോണി പറഞ്ഞു.
ഇതിനിടയിൽ എമിലിയാനോ മാർട്ടിനസിനായി ബയേൺ മ്യൂണിക്ക് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അവരുടെ പ്രധാന ഗോൾകീപ്പറായ മാനുവൽ ന്യൂയർ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. ഈ സീസണിൽ താരം കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അതിനു പകരക്കാരനായി എമിലിയാനോ എത്താനുള്ള സാധ്യത കൂടുതലാണ്. സാങ്കേതകമികവിന്റെ കാര്യത്തിൽ ന്യൂയറോളം വരില്ലെങ്കിലും ഗോൾവലക്ക് കീഴിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന എമിലിയാനോ മാർട്ടിനസിന്റെ സാന്നിധ്യം ബയേൺ മ്യൂണിക്കിന് കരുത്തു തന്നെയായിരിക്കും.