“ഗോളുകൾ നേടാൻ ആവേശമുള്ള ഹാലൻഡ്‌ കരിയറിൽ എണ്ണൂറു ഗോളെങ്കിലുമടിക്കും”- മാഞ്ചസ്റ്റർ സിറ്റി സഹതാരം പറയുന്നു

ലോകകപ്പിന്റെ ആവേശം കഴിഞ്ഞ് ക്ലബ് ഫുട്ബോൾ സീസൺ ചൂട് പിടിക്കാനുള്ള സമയമായി. ലോകകപ്പിന് ഇല്ലാതിരുന്ന പല താരങ്ങളും തങ്ങളുടെ മികവ് കൂടുതൽ പ്രകടനമാക്കാൻ ഒരുങ്ങുകയാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരമായ എർലിങ് ഹാലാൻഡാണ് അതിൽ പ്രധാനി. ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തി നിരവധി റെക്കോർഡുകൾ തകർത്തു കൊണ്ടിരിക്കുന്ന താരം കഴിഞ്ഞ ദിവസം കറബാവോ കപ്പിൽ ലിവർപൂളിനെതിരെ ഗോൾ നേടിയിരുന്നു. സീസനിലിപ്പോൾ തന്നെ പതിമൂന്നു ലീഗ് മത്സരങ്ങളിൽ നിന്നും പതിനെട്ടു ഗോളുകൾ ഹാലാൻഡ്‌ നേടിക്കഴിഞ്ഞു.

നോർവേ ലോകകപ്പിന് യോഗ്യത നേടാതിരുന്നതിനാൽ ഖത്തറിൽ ഹാലാൻഡിന് അവസരമുണ്ടായിരുന്നില്ല. ഈ സമയത്ത് മതിയായ വിശ്രമം ലഭിച്ച താരം കൂടുതൽ കരുത്തോടെയാവും ഇനി സീസണിൽ ഇറങ്ങുക. താരത്തിന്റെ പ്രകടനത്തെയും ഗോളുകൾ നേടാനുള്ള തീവ്രമായ ആഗ്രഹത്തെയും കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി സഹതാരമായ കെവിൻ ഡി ബ്രൂയ്ൻ പ്രശംസിച്ചിരുന്നു. കരിയറിൽ എണ്ണൂറു ഗോളുകളെങ്കിലും ഹാലാൻഡ്‌ നേടുമെന്നാണ് ഡി ബ്രൂയ്ൻ പറയുന്നത്.

“ഹാലാൻഡിന് ഗോളുകളോട് ഒരു അഭിനിവേശമുണ്ട്. ഇപ്പോൾ തന്നെ താരം ഇരുനൂറു ഗോളുകളിലേക്ക് പോവുകയാണ്. അറുനൂറു എഴുനൂറോ എണ്ണൂറോ ഗോളുകൾ താരം അനായാസമായി നേടും. അതിനു ഫിറ്റ്നസ് കൃത്യമായി നിലനിൽക്കണമെന്നതും പ്രധാനമാണ്. ഏർലിങ് ഒരു ടോപ് ലെവൽ സ്‌ട്രൈക്കറാണ്. മറ്റുള്ളവരിൽ നിന്നും ഒരുപാട് വ്യത്യസ്ഥനായ ഒരു കളിക്കാരനായി ഞാൻ ഹാലൻഡിനെ കാണുന്നില്ല. സാധാരണ കളിക്കാരൻ മാത്രമാണ് ഹാലാൻഡ്‌. മറ്റുള്ളവരെ പോലെതന്നെയുള്ള ഒരു ഫുട്ബോൾ താരമായ ഹാലാൻഡ് തന്നെ കൂടുതൽ സീരിയസായി എടുക്കുന്നുമില്ല.”

“പ്രൊഫെഷണൽ ഫുട്‍ബോളേഴ്‌സിനെയും പ്രൊഫെഷണൽ അത്ലറ്റുകളെയും കുറിച്ച് പറയുമ്പോൾ എല്ലാവര്ക്കും ഒരു മുൻ‌തൂക്കം ഉണ്ടായിരിക്കും. തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാനുള്ള കഴിവില്ലെങ്കിൽ അവർക്ക് പ്രൊഫെഷണൽ ഫുട്ബോൾ താരമാകാൻ കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്. വളരെ ചെറുപ്പക്കാരനായ ഹാലാൻഡ് ഫുട്ബോളിനെ വളരെ ഗൗരവത്തിൽ കാണുന്നയാളാണ്. ഗോളുകൾ നേടാനുള്ള ആഗ്രഹമാണ് താരത്തെ വ്യത്യസ്തമാക്കുന്നത്.” കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു.

ലോകകപ്പിൽ ബെല്ജിയത്തിനൊപ്പം ആദ്യ റൗണ്ടിൽ തന്നെ പുറത്തായ കെവിൻ ഡി ബ്രൂയ്‌നും അതിന്റെ ക്ഷീണം മാറ്റാൻ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം കളിക്കളത്തിൽ ഇറങ്ങുന്നത്. കറബാവോ കപ്പിൽ ലിവർപൂളിനെതിരെ ഗംഭീര പ്രകടനം നടത്തി അതിന്റെ സൂചനകളും താരം നൽകിയിരുന്നു. ആഴ്‌സലിനു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കളാക്കുന്നതിനൊപ്പം ഇതുവരെ നേടാൻ കഴിയാത്ത ചാമ്പ്യൻസ് ലീഗും അവരുടെ ലക്ഷ്യമാണ്.