യൂറോ കപ്പ് ലോകകപ്പിനെക്കാൾ ബുദ്ധിമുട്ടേറിയതെന്ന് എംബാപ്പെ, മറുപടിയുമായി എമിയും പരഡസും | Emiliano

ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി യൂറോ കപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റുകൾ ഈ മാസം ആരംഭിക്കാൻ പോവുകയാണ്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും വമ്പൻ ടീമുകൾ മാറ്റുരക്കുന്ന പോരാട്ടത്തിൽ അർജന്റീന, ബ്രസീൽ, യുറുഗ്വായ്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട്, ജർമനി, ഹോളണ്ട് തുടങ്ങി നിരവധി ടീമുകളുടെ വമ്പൻ താരങ്ങൾ അണിനിരക്കുന്നു.

അതിനിടയിൽ ഫ്രഞ്ച് താരമായ എംബാപ്പെ നടത്തിയ പ്രതികരണം ചർച്ചയാകുന്നുണ്ട്. ലോകകപ്പിന് മുൻപ് ലാറ്റിനമേരിക്കൻ ടീമുകൾക്ക് യൂറോപ്യൻ ടീമുകളുടെയത്ര നിലവാരമില്ലെന്ന പ്രസ്‌താവന നടത്തിയ എംബാപ്പെ ഇത്തവണ പറഞ്ഞത് ലോകകപ്പിനെക്കാൾ ബുദ്ധിമുട്ടേറിയതാണ് യൂറോ കപ്പെന്നാണ്. പരസ്‌പരം അറിയുന്ന മികച്ച ടീമുകളാണ് യൂറോ കപ്പിൽ മത്സരിക്കുന്നത് എന്നതാണ് അതിനു കാരണമായി എംബാപ്പെ പറയുന്നത്.

എംബാപ്പയുടെ വാക്കുകൾക്ക് മറുപടിയുമായി അർജന്റീന താരങ്ങൾ അതിനു പിന്നാലെ എത്തുകയും ചെയ്‌തു. അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് അതിനു മറുപടിയായി പറഞ്ഞത് ലോകകപ്പിനെക്കാൾ ബുദ്ധിമുട്ടേറിയതായി മറ്റൊരു ടൂർണമെന്റും ഇല്ലെന്നാണ്. അത് തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും എമിലിയാനോ മാർട്ടിനസ് വ്യക്തമാക്കി.

മിഡ്‌ഫീൽഡറായ പരഡെസ് കുറച്ചുകൂടി കടുപ്പമേറിയ മറുപടിയാണ് നൽകിയത്. “ലോകകപ്പ് നേടാനുള്ള ഭാഗ്യം എംബാപ്പെക്ക് ഉണ്ടായെങ്കിലും ഇതുവരെ യൂറോ കപ്പ് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾക്ക് കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവ നേടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.” താരം പറഞ്ഞു. ആർക്കും തങ്ങളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ലാറ്റിനമേരിക്കൻ ഫുട്ബോളിനെ താഴ്ത്തിയും യൂറോപ്യൻ ഫുട്ബോളിനെ ഉയരത്തിൽ പ്രതിഷ്ഠിച്ചും എംബാപ്പെ സ്ഥിരമായി പ്രതികരണം നടത്തുന്നുണ്ട്. എന്നാൽ ലോകകപ്പിന് മുൻപ് അത്തരത്തിൽ നടത്തിയ പ്രതികരണത്തെ പൊളിച്ചടുക്കിയാണ് അർജന്റീന എംബാപ്പയുടെ ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയത്.

Emiliano Paredes Reacts To Mbappe Comments