കൊടുത്ത തുക മുതലായി, ചെൽസിയിലെ ആദ്യമത്സരത്തിൽ തന്നെ ഗംഭീര പ്രകടനവുമായി എൻസോ ഫെർണാണ്ടസ്

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ തുക നൽകിയാണ് അർജന്റീനിയൻ മധ്യനിര താരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. ബെൻഫിക്ക താരത്തെ നൽകാൻ തയ്യാറല്ലെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ട്രാൻസ്‌ഫർ ജാലകം അവസാനിക്കാനിരിക്കെ റിലീസിംഗ് ക്ലോസ് നൽകി ചെൽസി മധ്യനിര താരത്തെ സ്വന്തം ടീമിലെത്തിച്ചു. കഴിഞ്ഞ ദിവസം ചെൽസിക്കായി താരം പ്രീമിയർ ലീഗിൽ അരങ്ങേറ്റവും നടത്തി.

ഫുൾഹാമും ചെൽസിയും തമ്മിൽ നടന്ന മത്സരം സമനിലയിലാണ് അവസാനിച്ചതെങ്കിലും മത്സരത്തിൽ എൻസോ ഫെർണാണ്ടസിന്റെ പ്രകടനം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. നേരിട്ട എല്ലാ ഏരിയൽ ഡുവൽസും വിജയിച്ച താരം എൺപത്തിയഞ്ചു ശതമാനം കൃത്യതയോടെ പാസുകൾ പൂർത്തിയാക്കുകയും പത്ത് തവണ എതിരാളികളിൽ നിന്നും പന്ത് വീണ്ടെടുക്കുകയും ചെയ്‌തു.

പതിനൊന്ന് ഗ്രൗണ്ട് ഡുവൽസ് നടത്തിയ താരം അതിൽ എട്ടെണ്ണത്തിലും വിജയിച്ചു. ഇതിനു പുറമെ എട്ട് ടാക്കിളുകൾക്ക് ശ്രമിച്ച താരം അതിൽ ആറെണ്ണത്തിലും വിജയം നേടുകയുണ്ടായി. ശ്രമിച്ച ഏഴു ലോങ്ങ് പാസുകളിൽ ആറെണ്ണവും വിജയകരമായി പൂർത്തിയാക്കിയ എൻസോ മൂന്നു ക്ലിയറൻസും മത്സരത്തിൽ നടത്തി. താരം നൽകിയ ഒരു കീ പാസിൽ നിന്നും ചെൽസി ഗോൾ നേടേണ്ടതായിരുന്നെങ്കിലും ഹാവെർട്സിനു ലക്‌ഷ്യം കാണാൻ കഴിഞ്ഞില്ല.

ഒരിക്കൽ നഷ്‌ടമായ താരത്തെ ചെൽസി വിടാതെ പിന്തുടർന്നാണ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തം ടീമിലെത്തിച്ചത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ചെൽസിക്ക് വേണമെങ്കിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതയുണ്ട്. നിലവിൽ സ്വന്തമാക്കിയ താരങ്ങളെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ പരിശീലകന് കഴിഞ്ഞാൽ കിരീടം ചെൽസിക്ക് സ്വന്തമാക്കാൻ കഴിയും.