ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനെത്തുന്നു, ട്രാൻസ്ഫർ സ്ഥിരീകരിച്ച് ടെൻ ഹാഗ്
റൊണാൾഡോ പോയതിന്റെ അഭാവത്തിൽ പുതിയ സ്ട്രൈക്കറെ തേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം നോട്ടമിട്ടിരുന്നത് ഹോളണ്ട് താരമായ കോഡി ഗാക്പോയെ ആയിരുന്നു. എന്നാൽ യുണൈറ്റഡിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കി താരത്തെ ലിവർപൂൾ സ്വന്തമാക്കി. എന്നാൽ ഹോളണ്ടിൽ നിന്നു തന്നെ മറ്റൊരു സ്ട്രൈക്കറുടെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിപ്പോൾ. പരിശീലകൻ എറിക് ടെൻ ഹാഗ് ഇക്കാര്യം സ്ഥിരീകരിച്ചു.
ഖത്തർ ലോകകപ്പിൽ അർജന്റീനക്കെതിരായ മത്സരത്തിൽ എല്ലാവരും ഓർമ്മിക്കുന്ന പ്രകടനം നടത്തിയ താരമായ വോട് വേഗോസ്റ്റിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ രണ്ടു ഗോളിന് മുന്നിലെത്തിയ അർജന്റീന അനായാസവിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പകരക്കാരനായിറങ്ങി രണ്ടു ഗോളുകൾ നേടിയ വേഗോസ്റ്റ് കളിയെ മാറ്റിമറിച്ചു. പിന്നീട് ഷൂട്ടൗട്ടിലാണ് അർജന്റീന മത്സരം സ്വന്തമാക്കിയത്.
മാഞ്ചസ്റ്റർ ഡെർബി അടുത്ത ദിവസം നടക്കാനിരിക്കെ നടന്ന പത്രസമ്മേളനത്തിലാണ് വേഗോസ്റ്റിനെ സ്വന്തമാക്കുന്നതിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്തുവന്ന് എറിക് ടെൻ ഹാഗ് വ്യക്തമാക്കിയത്. അതേസമയം മാഞ്ചസ്റ്റർ ഡെർബിയിൽ കളിക്കാൻ താരമുണ്ടാകില്ലെന്ന് എറിക് ടെൻ ഹാഗ് വ്യക്തമാക്കി. ബേസിക്റ്റസിൽ ലോണിൽ കളിക്കുന്ന ബേൺലി താരത്തെ ലോണിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.
🗣️ “I think we are close but he will not be available tomorrow.”
— Football Daily (@footballdaily) January 13, 2023
Erik ten Hag says Wout Weghorst will NOT be available to face Manchester City tomorrow. 🇳🇱❌ pic.twitter.com/wdiYHxiliH
മത്സരത്തിന് ഫുൾ ബാക്കായ ഡീഗോ ദാലോട്ടിന്റെ സേവനം ലഭ്യമാണെന്ന് ടെൻ ഹാഗ് പറഞ്ഞു. അതേസമയം മുന്നേറ്റനിര താരമായ ആന്റണി മാർഷ്യൽ മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ പരിശീലകൻ ഉറപ്പു പറഞ്ഞില്ല. താരത്തിന്റെ കാലിന് ഇപ്പോഴും ചെറിയ പ്രശ്നമുണ്ടെന്നാണ് ടെൻ ഹാഗ് പറയുന്നത്. അതേസമയം ഫ്രഞ്ച് താരത്തിന്റെ അഭാവം മാഞ്ചസ്റ്റർ ഡെർബിയിൽ ക്ലബ്ബിനെ ബാധിക്കില്ലെന്നും മാർഷ്യൽ ഇല്ലാതെയും ഒരുപാട് കളികൾ ക്ലബ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ ഡെർബിയിൽ ഇറങ്ങുമ്പോൾ ഈ സീസണിലെ ആദ്യത്തെ ഡെർബിയിൽ വഴങ്ങിയ പരാജയത്തിന്റെ മുറിവ് ഇല്ലാതാക്കുകയാണ് എറിക് ടെൻ ഹാഗിന്റെ ലക്ഷ്യം. മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് ആ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. എന്നാലിപ്പോൾ ടെൻ ഹാഗിന് കീഴിൽ ഒത്തൊരുമയുള്ള, ഏതൊരു ടീമിനെയും തോൽപ്പിക്കാൻ കഴിവുള്ള സംഘമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറിയിട്ടുണ്ട്.