വിമർശനങ്ങളിൽ പതറാതെ റൊണാൾഡോയുടെ തിരിച്ചു വരവ്, പ്രശംസയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

ടോട്ടനം ഹോസ്പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിക്കുകയും മത്സരം തീരുന്നതിനു മുൻപ് മൈതാനം വിടുകയും ചെയ്‌ത റൊണാൾഡോ വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ചെൽസിക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നുമൊഴിവാക്കി താരത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നടപടി സ്വീകരിക്കുകയും ചെയ്‌തു. സംഭവത്തിൽ തനിക്ക് തെറ്റു പറ്റിയെന്ന് അതിനു ശേഷം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകളിലൂടെ റൊണാൾഡോ വ്യക്തമാക്കുന്നു.

വിമർശനങ്ങൾ ഏറ്റു വാങ്ങുമ്പോഴും കളിക്കളത്തിൽ അതിനു മറുപടി നൽകാൻ കഴിയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇതിനു മുൻപ് പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഇന്നലെ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിലും താരം അതു തെളിയിക്കുകയുണ്ടായി. എഫ്‌സി ഷെരീഫിനെതിരെ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ മൂന്നാമത്തെ ഗോൾ നേടിയാണ് റൊണാൾഡോ തന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്‌തത്‌. മത്സരത്തിനു ശേഷം പരിശീലകൻ എറിക് ടെൻ ഹാഗ് റൊണാൾഡോയെ പ്രശംസിക്കുകയും ചെയ്‌തു.

“റൊണാൾഡോ പരാജയം സമ്മതിക്കാൻ തയ്യാറായിട്ടില്ല. തന്റെ കരിയറിലുടനീളം താരം അത് തന്നെയാണ് ചെയ്‌തിട്ടുള്ളത്‌. അവസാനം അതിനുള്ള പ്രതിഫലവും റൊണാൾഡോക്ക് ലഭിച്ചു. താരത്തെ ശരിയായ പൊസിഷനിൽ എത്തിക്കാൻ ടീം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. തന്റെ ശരിയായ പൊസിഷൻ കണ്ടെത്താൻ താരവും മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ഡച്ച് പരിശീലകൻ പറഞ്ഞു.

മത്സരത്തിൽ റൊണാൾഡോക്കു പുറമെ പോർച്ചുഗൽ താരമായ ഡീഗോ ദാലറ്റ്, ഇംഗ്ലണ്ട് താരം മാർക്കസ് രാഷ്‌ഫോഡ് എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ഇതോടെ യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറപ്പിച്ചു. ഗ്രൂപ്പിൽ പതിനഞ്ചു പോയിന്റുമായി റയൽ സോസിഡാഡ് മുന്നിൽ നിൽക്കുമ്പോൾ പന്ത്രണ്ടു പോയിന്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതാണ്. അടുത്ത മത്സരത്തിൽ റയൽ സോസിഡാഡിനെ കീഴടക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്താൻ അവസരമുണ്ട്.