ഇന്റർ മിയാമിയെ ഇനിമുതൽ മെസി മിയാമി എന്നു വിളിക്കേണ്ടി വരും, താരത്തെ പിൻവലിച്ചതോടെ കൂട്ടത്തോടെ സ്റ്റേഡിയം വിട്ട് ആരാധകർ | Messi

അമേരിക്കയിലേക്ക് ചേക്കേറിയ ലയണൽ മെസി അവിടെ തരംഗം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്. ഖത്തർ ലോകകപ്പ് നേടി ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ഇതിഹാസമെന്ന ഖ്യാതി സംശയത്തിനിടയില്ലാതെ സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസി ഇന്റർ മിയാമിയിലെത്തിയത്. അതുകൊണ്ടു തന്നെ വലിയ ആരവം സൃഷ്‌ടിക്കാൻ മെസിക്ക് കഴിഞ്ഞു. താരത്തിന്റെ മത്സരങ്ങൾ കാണാൻ സെലിബ്രിറ്റികളുടെ നീണ്ട നിര എത്തുന്നതിനും സാക്ഷ്യം വഹിച്ചിരുന്നു.

ഇന്റർ മിയാമിയിൽ എത്തിയ മെസിയും മികച്ച പ്രകടനമാണ് നടത്തിയത്. താരം കളിക്കാനിറങ്ങിയ ഒരു മത്സരത്തിൽ പോലും ഇന്റർ മിയാമി തോൽവി വഴങ്ങിയിട്ടില്ല. ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടവും മെസി വന്നതിനു ശേഷമാണ് സ്വന്തമാക്കിയത്. അതിനു പുറമെ മറ്റൊരു ഫൈനലിലേക്ക് കൂടി ടീമിനെ നയിക്കാൻ മെസിക്ക് കഴിഞ്ഞു. ഇതെല്ലാം മെസി അമേരിക്കയിൽ കൂടുതൽ തരംഗം സൃഷ്‌ടിക്കുന്നതിനു കാരണമായിട്ടുന്നതിൽ സംശയമില്ല.

ഇന്റർ മിയാമിയുടെ മത്സരങ്ങൾക്കായി ആരാധകർ എത്തുന്നത് ലയണൽ മെസിയെ കാണാനെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടൊറന്റോ എഫ്‌സിക്കെതിരെ നടന്ന മത്സരം ഇതിനു തെളിവായിരുന്നു. മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ലയണൽ മെസി ആകെ കളിച്ചത് അര മണിക്കൂറിലധികം മാത്രമാണ്. അതിനു ശേഷം ഫിറ്റ്നസ് പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് മെസിയെ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു. താരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിശീലകൻ പിൻവലിച്ചത്.

ലയണൽ മെസിയെ പിൻവലിച്ച് റോബർട്ട് ടെയ്‌ലർ കളത്തിലിറങ്ങിയതോടെ ഇന്റർ മിയാമിയുടെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന നിരവധി ആരാധകരാണ് എഴുന്നേറ്റു പോയത്. ആരാധകർ കൂട്ടത്തോടെ എഴുന്നേറ്റു പോകുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇന്റർ മിയാമിയുടെ മത്സരം കാണാനും അവർക്ക് വേണ്ടി ആരവം മുഴക്കാനുമല്ല, മറിച്ച് ലയണൽ മെസിയെ കാണുന്നതിന് വേണ്ടി മാത്രം സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ഇതാദ്യമായല്ല ലയണൽ മെസിയെ പിൻവലിച്ചതിനെ തുടർന്ന് ആരാധകർ കൂട്ടത്തോടെ സ്റ്റേഡിയം വിടുന്നത്. ഇതിനു മുൻപ് അറ്റ്‌ലാന്റാ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ എഴുപത്തിയെട്ടാം മിനുട്ടിൽ മെസി പിൻവലിക്കപ്പെട്ടപ്പോഴും സമാനമായ സാഹചര്യമാണുണ്ടായത്. ഏതാണ്ട് പകുതിയോളം ആരാധകരും അന്ന് സ്റ്റേഡിയം വിട്ടു. അതേസമയം ഇന്നലത്തെ മത്സരത്തിൽ മെസിക്ക് പരിക്ക് പറ്റിയത് ആരാധകർക്ക് ആശങ്ക തന്നെയാണ്. പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Fans Leave Stadium After Messi Substitution