നെയ്മർ ചുവപ്പുകാർഡ് വാങ്ങിയത് മനഃപൂർവം, ആരോപണവുമായി ആരാധകർ | Neymar
ഖത്തർ ലോകകപ്പ് കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ നെയ്മർ ചുവപ്പുകാർഡ് വാങ്ങിയത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഫ്രഞ്ച് ലീഗിൽ സ്ട്രോസ്ബർഗിനെതിരെ നടന്ന മത്സരത്തിന്റെ അറുപത്തിരണ്ടാം മിനുട്ടിലാണ് നെയ്മർക്ക് ചുവപ്പുകാർഡ് ലഭിച്ചത്. അറുപത്തിയൊന്നാം മിനുട്ടിൽ ഒരു ഫൗൾ ചെയ്തതിനു മഞ്ഞക്കാർഡ് ലഭിച്ച താരം ഒരു മിനുട്ട് കഴിയും മുൻപേ തന്നെ അടുത്ത മഞ്ഞക്കാർഡും വാങ്ങിയാണ് പുറത്തു പോയത്. ബോക്സിലേക്ക് മുന്നേറ്റം നടത്തുന്നതിനിടെ പെനാൽറ്റിക്കായി ഡൈവ് ചെയ്തതിനാണ് നെയ്മറെ റഫറി രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി പുറത്താക്കിയത്. ഇതോടെ ലീഗിലെ അടുത്ത മത്സരം നെയ്മർക്ക് നഷ്ടമാകും.
തന്നെ പുറത്താക്കിയതിനെതിരെ നെയ്മറും താരത്തിനൊപ്പം സഹതാരങ്ങളും പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടിയ സമയത്തായിരുന്നു നെയ്മർക്ക് ചുവപ്പുകാർഡ് ലഭിച്ചത്. ഇതേതുടർന്ന് മത്സരത്തിന്റെ അര മണിക്കൂറിലധികം സമയം പത്തു പെരുമായാണ് പിഎസ്ജിക്ക് കളിക്കേണ്ടി വന്നത്. എങ്കിലും ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലോകകപ്പിൽ ഫ്രാൻസിനായി ഹീറോയായ പ്രകടനം നടത്തിയ കിലിയൻ എംബാപ്പെ പിഎസ്ജിക്ക് വിജയവും മൂന്നു പോയിന്റും സമ്മാനിച്ചു.
അതേസമയം നെയ്മർ മനഃപൂർവം ചുവപ്പുകാർഡ് വാങ്ങിയതാണെന്ന ആരോപണം മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഉയർത്തുന്നുണ്ട്. ജനുവരി ഒന്നിന് പിഎസ്ജിക്ക് അടുത്ത മത്സരം കളിക്കാനുണ്ട്. ആ മത്സരത്തിൽ നിന്നും ഒഴിവായി പുതുവർഷം മികച്ച രീതിയിൽ ആഘോഷിക്കാനാണ് നെയ്മർ ഇതു ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. ഇതിനു മുൻപ് സഹോദരിയുടെ പിറന്നാൾ ദിവസത്തോടടുക്കുമ്പോൾ പരിക്കേൽക്കുക, ചുവപ്പുകാർഡ് വാങ്ങുക തുടങ്ങിയ ആരോപണങ്ങൾ നെയ്മർക്കെതിരെ ഉയർന്നിട്ടുള്ളതിന്റെ ബാക്കിയായാണ് ഇപ്പോൾ ഇതും വന്നിരിക്കുന്നത്. 2020ൽ കോവിഡ് സമയത്ത് നെയ്മർ അഞ്ചു ദിവസത്തെ പാർട്ടി പദ്ധതിയിട്ടുവെന്ന ആരോപണവും താരത്തിനെതിരെ ഉണ്ടായിട്ടുണ്ട്.
🔔 | Everyone thinks they know why Neymar 'got himself sent off' for Paris Saint-Germain last night https://t.co/VvwCJh5lnE
— SPORTbible News (@SportBibleNews) December 29, 2022
2020ൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് നെയ്മർ മറുപടി നൽകിയത്. എന്നാൽ അതിനൊന്നും ഇപ്പോഴും താരത്തിനെതിരെ ആരാധകരുടെ സംശയത്തിന്റെ മുന നീളുന്നതിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ ആദ്യഗോളിനു അസിസ്റ്റ് നൽകിയത് നെയ്മർ ആയിരുന്നു. ഈ സീസണിൽ പിഎസ്ജിയിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് നെയ്മർ. ലോകകപ്പിൽ ബ്രസീൽ നേരത്തെ പുറത്തായതിനാൽ ക്ലബിനൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം നേടാൻ ശ്രമിക്കുമെന്ന വാക്കുകൾ താരം യാഥാർത്ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
fans saying neymar got himself sent off against strasbourg