പെപ്രയുടെ പരിക്കിന്റെ നിരാശകൾക്കിടയിൽ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം, ലൂണയുടെ പകരക്കാരനായ യൂറോപ്യൻ താരം കൊച്ചിയിലെത്തി | Fedor Cernych

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ തിരിച്ചടി നൽകിയാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരിൽ ഒരാളായ ഘാന താരം ക്വാമേ പേപ്ര പരിക്കേറ്റു പുറത്തു പോയത്. കലിംഗ സൂപ്പർകപ്പിനിടെ പരിക്കേറ്റ താരത്തിന് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫോമിലേക്ക് വന്ന താരത്തിന്റെ അഭാവം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നുറപ്പാണ്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് പുതിയൊരു ഊർജ്ജം നൽകി അഡ്രിയാൻ ലൂണക്ക് പകരക്കാരനായി സ്വന്തമാക്കിയ ഫെഡോർ സെർനിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ നായകനായ സെർനിച്ചിന്റെ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായെങ്കിലും കലിംഗ സൂപ്പർ കപ്പിന് ശേഷമേ താരം ടീമിനൊപ്പം ചെരൂവെന്ന് അന്നു തന്നെ വ്യക്തമായിരുന്നു.

യൂറോപ്പിൽ നിരവധി വമ്പൻ പോരാട്ടങ്ങളിൽ കളിച്ചിട്ടുള്ള സെർനിച്ചിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിനു പുതിയൊരു ഊർജ്ജമാണ്. മുപ്പത്തിരണ്ടുകാരനായ താരത്തെ ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. വളരെയധികം പരിചയസമ്പത്തുള്ള താരത്തിനു ടീമിന്റെ മുന്നേറ്റനിരക്ക് പുതിയൊരു ദിശാബോധം നൽകാൻ കഴിയുമെന്നതിൽ സംശയമില്ല.

അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ഒരു മധ്യനിര താരത്തിന് പകരം മുന്നേറ്റനിര താരത്തെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം എന്തായാലും ഇപ്പോൾ ഗുണമായി മാറി. പെപ്ര പരിക്കേറ്റു പുറത്തു പോയതിനാൽ അതിനു പകരക്കാരനായി ഫെഡോറിനെ ഉപയോഗിക്കാൻ കഴിയും. വിങ്ങിലും സെൻട്രൽ സ്‌ട്രൈക്കറായും കളിക്കാൻ കഴിയുന്ന താരമാണ് ഫെഡോർ സെർനിച്ച്.

അതിനിടയിൽ പെപ്രയുടെ പകരക്കാരനായി ലോണിൽ ഗോകുലം കേരളയിൽ കളിക്കുന്ന ഇമ്മാനുവൽ ജസ്റ്റിനെ തിരിച്ചു വിളിക്കാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്. നൈജീരിയൻ താരമായ ഇമ്മാനുവൽ ജസ്റ്റിൻ സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ക്യാംപിൽ ഉണ്ടായിരുന്നെങ്കിലും പെപ്ര വന്നതോടെ ഗോകുലത്തിലേക്ക് ലോണിൽ ചേക്കേറുകയായിരുന്നു.

Fedor Cernych Arrived At Kochi