ബ്ലാസ്റ്റേഴ്‌സ് ക്യാംപിൽ പെപ്രയുടെ പകരക്കാരനെത്തി,സീസണിന്റെ രണ്ടാം പകുതിക്ക് തയ്യാറെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാമത്തെ പകുതി ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ടീമിന്റെ പ്രധാനതാരമായ ക്വാമേ പെപ്ര പരിക്കേറ്റു പുറത്തായത്. കലിംഗ സൂപ്പർ കപ്പിനു പിന്നാലെയാണ് പെപ്രക്കു പരിക്കേറ്റത്. താരത്തിന് സീസൺ മുഴുവൻ നഷ്‌ടമാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

പെപ്ര പരിക്കേറ്റു പുറത്തു പോയതോടെ അതിനു പകരക്കാരനായി സീസണിന്റെ തുടക്കത്തിൽ ലോണിൽ ഗോകുലം കേരളയിലേക്ക് ചേക്കേറിയ നൈജീരിയൻ യുവതാരമായ ഇമ്മാനുവൽ ജസ്റ്റിനെ ടീമിലേക്ക് തിരിച്ചു വിളിക്കാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിരുന്നു. ഇരുപതുകാരനായ താരം കഴിഞ്ഞ ദിവസം കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ക്യാംപിൽ എത്തിയിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ.

ബ്ലാസ്റ്റേഴ്‌സ് ക്യാംപിൽ ചേർന്ന താരം സീസണിന്റെ രണ്ടാം പകുതി ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാനിരിക്കെ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും. ഇവാൻ വുകോമനോവിച്ചിന് കീഴിൽ നേരത്തെ പരിശീലനം നടത്തിയിട്ടുള്ള താരത്തിന് ടീമുമായി ഇണങ്ങിച്ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിലെ താരങ്ങളുമായും മികച്ച ബന്ധം ഇമ്മാനുവൽ സൂക്ഷിക്കുന്നുണ്ട്.

ഗോകുലം കേരളക്കായി ഈ സീസണിൽ ഏതാനും മത്സരങ്ങൾ കളിച്ച ഇമ്മാനുവൽ ഒരു ഗോൾ മാത്രമാണ് നേടിയിരിക്കുന്നത്. എങ്കിലും ബ്ലാസ്റ്റേഴ്‌സിന് ആവശ്യഘട്ടങ്ങളിൽ ഉപകരിക്കാൻ താരത്തിന്റെ സാന്നിധ്യം കൊണ്ടു കഴിയും. അതേസമയം പെപ്രയുടെ അസാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. മുഴുവൻ സമയവും പ്രസ് ചെയ്യാൻ കഴിവുള്ള താരമാണ് പെപ്ര.

ഫെബ്രുവരി രണ്ടിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരം കളിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ ഐഎസ്എല്ലിൽ മികച്ച പ്രകടനം നടത്തുന്ന ഒഡിഷ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് നേരിട്ടും. ഇമ്മാനുവൽ ജസ്റ്റിൻ, ഫെഡോർ സെർനിച്ച് എന്നിവർ വന്നതോടെ പുതിയൊരു ടീമായാകും ബ്ലാസ്റ്റേഴ്‌സ് സീസണിന്റെ രണ്ടാം പകുതിക്കായി തയ്യാറെടുക്കുന്നത്.

Emmanuel Justine Joined Kerala Blasters Camp