അപകടകാരിയായ സ്‌ട്രൈക്കർ, പരിചയസമ്പത്തുള്ള നായകൻ; പുതിയ സൈനിങ്ങിൽ ആരാധകരെ നിരാശപ്പെടുത്താതെ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ലൂണയുടെ പകരക്കാരൻ ആരാകുമെന്ന കാര്യത്തിൽ ഉണ്ടായിരുന്ന അഭ്യൂഹങ്ങൾക്കെല്ലാം അവസാനം കുറിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. ലിത്വാനിയൻ താരവും ദേശീയ ടീമിന്റെ നായകനുമായ ഫെഡോർ സെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മുപ്പത്തിരണ്ടുകാരനായ താരം ഉടനെ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ലൂണയുടെ പകരക്കാരനായി ഒരു സ്‌ട്രൈക്കർ എത്തില്ലെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരിക്കുന്നത് ഒരു സ്‌ട്രൈക്കറെ തന്നെയാണ്. റഷ്യ, ബെലാറസ്, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ചിട്ടുള്ള സെർനിച്ച് അവസാനം കളിച്ചത് സൈപ്രസിലുള്ള ക്ലബിന് വേണ്ടിയാണ്. ജനുവരിയിൽ കരാർ അവസാനിച്ച താരത്തെ ഫ്രീ ഏജന്റായാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ സ്‌കിങ്കിസാണ് ഈ ട്രാൻസ്‌ഫറിനു പിന്നിൽ പ്രവർത്തിച്ചത്. ലിത്വാനിയയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഇടപെടൽ ദേശീയടീമിന്റെ നായകനെ ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കുന്നതിൽ വളരെ നിർണായകമായി. മധ്യനിര താരമല്ലെങ്കിലും എല്ലാ രീതിയിലും അപകടകാരിയായ സ്‌ട്രൈക്കറായ അദ്ദേഹത്തിനെ നല്ല രീതിയിൽ ഉപയോഗിക്കാൻ ഇവാന് കഴിയും.

താരത്തിന്റെ പരിചയസമ്പത്താണ് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുന്ന മറ്റൊരു കാര്യം. നായകനായ ലൂണയുടെ അഭാവത്തിൽ ടീമിനെ നയിക്കാനുള് യുവതാരങ്ങൾക്ക് കൃത്യമായ നിർദ്ദേശം നൽകാനും അദ്ദേഹത്തിന് കഴിയുമെന്നതിൽ സംശയമില്ല. ലിത്വാനിയൻ ടീമിനൊപ്പം യുവേഫ നാഷൻസ് ലീഗ്, യൂറോ കപ്പ് ക്വാളിഫയേഴ്‌സ് എന്നീ മത്സരങ്ങളിൽ കളിച്ചതിന്റെ പരിചയം അദ്ദേഹത്തിനുണ്ട്.

നിലവിൽ ഈ സീസൺ കഴിയുന്നത് വരെ മാത്രമാണ് ഫെഡോറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ അത് നീട്ടാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പതിനഞ്ചിനു നടക്കുന്ന സൂപ്പർ കപ്പിലെ അടുത്ത മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Fedor Cernych Good Addition For Kerala Blasters