എന്താണിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് കണ്ടു യൂറോപ്പിൽ ഞെട്ടൽ | Fedor Cernych

അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ലിത്വാനിയൻ താരമായ ഫെഡോർ സെർനിച്ചിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. സൂപ്പർകപ്പിൽ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയതിന്റെ ഒപ്പമാണ് ലിത്വാനിയൻ താരത്തിന്റെ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. എന്നാൽ താരം സൂപ്പർ കപ്പിന് ശേഷം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.

തങ്ങളുടെ പ്രിയപ്പെട്ട താരമായ അഡ്രിയാൻ ലൂണയുടെ പകരക്കാരനാണ് എന്നതിനാൽ തന്നെ ഫെഡോറിന്റെ വരവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം ആവേശം കാണിക്കുന്നുണ്ട്. ലിത്വാനിയൻ താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് തന്നെ അതിനുള്ള തെളിവാണ്. സൈനിങ്‌ പ്രഖ്യാപിച്ച് രണ്ടു ദിവസം പോലും പിന്നിട്ടില്ലെന്നിരിക്കെ അവിശ്വസനീയമായ കുതിപ്പാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണുന്നത്.

സൈനിങ്‌ പ്രഖ്യാപിക്കുമ്പോൾ വെറും ഏഴായിരത്തിലധികം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ ഇപ്പോഴുള്ളത് ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ്. മികച്ച വിദേശതാരങ്ങൾക്ക് വളരെ വേഗത്തിൽ ഫോളോവേഴ്‌സ് ഉണ്ടാകുന്നത് ആദ്യമായല്ല. എന്നാൽ ഇത്രയും പെട്ടന്ന് ഇതുപോലെയൊരു കുതിപ്പ് ഒരു താരത്തിന് ലഭിക്കുന്നത് ആദ്യമാണെന്നതിൽ സംശയമില്ല.

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെ പ്രിയപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ രണ്ടര വർഷമായി ടീമിന്റെ നെടുന്തൂണായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന താരമാണ് ലൂണ. താരം പരിക്കേറ്റു പോയപ്പോൾ ആരാധകർ വളരെയധികം ആശങ്കപ്പെട്ടിരുന്നു. ലൂണയുടെ പകരക്കാരൻ എന്ന നിലയിലുള്ള സ്നേഹം കൂടി ഫെഡോറിനു ലഭിക്കുന്നുണ്ടെന്ന് വേണം കരുതാൻ.

ലിത്വാനിയൻ നായകനെന്ന നിലയിൽ യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ അടക്കം പങ്കെടുത്തിട്ടുള്ള താരമാണ് ഫെഡോർ. വലിയ പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാണ്. അതേസമയം അരങ്ങേറ്റം പോലും നടത്താത്ത തനിക്ക് ലഭിക്കുന്ന ഈ പിന്തുണ ഫെഡോറിനെ തന്നെ വിസ്‌മയിപ്പിക്കുമെന്നതിൽ സംശയമില്ല. ഇതുവരെ ഒരു ക്ലബിൽ നിന്നും ഇതുപോലൊരു സപ്പോർട്ട് താരം അനുഭവിച്ചിട്ടുണ്ടാകില്ല.

Fedor Cernych Instagram Followers Crossed 100k