കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും താരങ്ങളെ സ്വന്തമാക്കും, നിലവിലെ സ്‌ക്വാഡിൽ നിന്നും ആരും പോകാനുള്ള സാധ്യതയില്ലെന്ന് മെർഗുലാവോ | Kerala Blasters

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചപ്പോൾ തന്നെ വലിയ സമയമെടുക്കാതെ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്‌ അതിൽ മാത്രം ഒതുങ്ങില്ലെന്നാണ് ട്രാൻസ്‌ഫർ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മെർഗുലാവോ വെളിപ്പെടുത്തുന്നത് പ്രകാരം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇനിയും താരങ്ങളെ സ്വന്തമാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇനി വിദേശതാരങ്ങളെ ടീമിലെത്തിക്കാൻ സാധ്യതയില്ല. ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനാകും ടീമിന്റെ പദ്ധതി. പരിക്കേറ്റു പുറത്തിരിക്കുന്ന താരങ്ങൾക്ക് പകരക്കാർ എന്ന നിലയിലാകും പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്.

സീസണിലെ ആദ്യത്തെ ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പരിക്കേറ്റു പുറത്തായ ലെഫ്റ്റ് ബാക്ക് ഐബാൻ ഡോഹലിംഗ് ഈ സീസനിലിനി കളിക്കാനുള്ള സാധ്യതയില്ല. താരത്തിന് പകരമെത്തിയ നവോച്ച സിങ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഒരു ബാക്കപ്പ് താരത്തെ എത്തിക്കാനുള്ള സാധ്യതയുണ്ട്. അതിനു പുറമെ മറ്റു ചില പൊസിഷനിലേക്കും താരങ്ങൾ വന്നേക്കും.

അതേസമയം ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മൂന്നു താരങ്ങൾ പുറത്തു പോകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹോർമിപാം, ബിദ്യാഷാഗർ, മിറാൻഡ എന്നീ താരങ്ങൾ ക്ലബ് വിടുമെന്നാണ് സൂചനകൾ ഉണ്ടായത്. എന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരു താരവും പുറത്തു പോകാൻ സാധ്യതയില്ലെന്നാണ് മാർക്കസ് പറയുന്നത്.

ഇതിൽ നിന്നും മനസിലാക്കേണ്ടത് ജനുവരിയിൽ എല്ലാ രീതിയിലും കരുത്ത് വർധിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു എന്നത് തന്നെയാണ്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും മികച്ച പകരക്കാർ ടീമിൽ ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു. നിലവിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

Kerala Blasters Will Sign More Players This Trasfer Window