ഇന്ത്യക്ക് വേണ്ടി കളിക്കാതിരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം പരിക്ക് അഭിനയിച്ചുവെന്ന് വിമർശനം, വ്യക്തത വരുത്തി മാർക്കസ് മെർഗുലാവോ | Jeakson Singh

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മൂന്നു താരങ്ങളാണ് എഎഫ്‌സി ഏഷ്യൻ കപ്പ് കളിക്കാനുള്ള ഇന്ത്യൻ ദേശീയ ടീമിന്റെ സ്‌ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിറ്റ, രാഹുൽ കെപി എന്നിവർ ടീമിന്റെ ഭാഗമായപ്പോൾ ദേശീയ ടീമിൽ ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന, സ്‌ക്വാഡിലെ പ്രധാനപ്പെട്ട താരമായ ജിക്‌സൻ സിങ് പരിക്കു കാരണം ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്നില്ല.

ഏഷ്യൻ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കലിംഗ സൂപ്പർ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഏഷ്യൻ കപ്പ് ഇനിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെസൂപ്പർ കപ്പിനുള്ള സ്‌ക്വാഡിൽ ജീക്സൺ ഉൾപ്പെട്ടിട്ടുണ്ട്. താരം പരിശീലനം ആരംഭിച്ചതിന്റെ ചിത്രങ്ങളും പുറത്തു വന്നതോടെ ഇന്ത്യൻ ടീമിൽ കളിക്കാതിരിക്കാൻ ജീക്സൺ പരിക്ക് അഭിനയിച്ചുവെന്ന വിമർശനം പല ഭാഗത്തു നിന്നും ഉയർന്നിരുന്നു.

എന്നാൽ പ്രമുഖ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ ഇതിനെ പൂർണമായും നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത് ജീക്സൺ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെന്ന പോലെ ഇന്ത്യൻ ടീമിനും വളരെ പ്രധാനപ്പെട്ട താരമാണെന്നു തന്നെയാണ്. എന്നാൽ പൂർണമായും മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാത്ത ഒരു താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സീസൺ തുടങ്ങി ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പരിക്കേറ്റു പുറത്തു പോയ താരം തിരിച്ചു വന്നാൽ പോലും ഒരു പ്രധാനപ്പെട്ട മത്സരം പോലും കളിക്കാതെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ദേശീയ ടീമിലെ ഡോക്റ്റർമാർ ജീക്സന്റെ പരിക്ക് കൃത്യമായി വിശകലനം ചെയ്‌തിട്ടുണ്ടെന്നും അതിനാൽ കൃത്രിമത്വം കാണിക്കാൻ കഴിയില്ലെന്നും മാർക്കസ് വ്യക്തമാക്കുന്നു.

ജീക്സൺ ഇന്ത്യൻ ടീമിലെ പ്രധാനപ്പട്ട കളിക്കാരനാണെന് മുൻപ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് തന്നെ വ്യക്തമാക്കിയ കാര്യമാണ്. അതുകൊണ്ടു തന്നെ ഏഷ്യൻ കപ്പിൽ താരത്തിന്റെ അസാന്നിധ്യം ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം നിരാശയിലാക്കിയ കാര്യവുമായിരുന്നു. അതുപോലെ തന്നെ ഇന്ത്യയുടെ മികച്ച ഡിഫെൻഡർമാരിൽ ഒരാളായ അൻവർ അലിയും പരിക്കേറ്റു പുറത്താണ്.

Jeakson Singh Did Not Fake His Injury