കളത്തിലിറങ്ങാൻ പോകുന്നത് രണ്ടു വിദേശതാരങ്ങൾ, കൂടുതൽ കരുത്തരാകാൻ കൊമ്പന്മാർ | Kerala Blasters

പുതിയ വിദേശതാരത്തിന്റെ സൈനിങ്ങിൽ ആവേശം കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ലൂണയുടെ പകരക്കാരനായി എത്തിയ താരം ലൂണയെപ്പോലെ മിഡ്‌ഫീൽഡ് പൊസിഷനിലല്ല കളിക്കുന്നതെങ്കിലും മുന്നേറ്റനിരയെ സഹായിക്കാൻ താരത്തിന് കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. താരത്തിന്റെ പരിചയസമ്പത്തും കേരള ബ്ലാസ്‌റ്റേഴ്‌സിനെ വളരെയധികം സഹായിക്കും.

ലൂണയുടെ പകരക്കാരനായി എത്തിയ ഫെഡോർ സെർനിച്ച് ഈ മാസം ടീമിനൊപ്പം ചേരില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സൂപ്പർകപ്പിനു ശേഷം ഫെബ്രുവരിയിലാകും താരം ടീമിലേക്കെത്തുക. അതിനു ശേഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ ടീമിനൊപ്പം ഇറങ്ങുന്ന താരം ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറാണ് ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിട്ടിരിക്കുന്നത്.

അതേസമയം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പുതിയതായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത് രണ്ടു പുതിയ വിദേശതാരങ്ങളാണ് എന്ന പ്രത്യേകതയുണ്ട്. ലിത്വാനിയൻ താരത്തിന് പുറമെ ബ്ലാസ്റ്റേഴ്‌സ് സീസണിന്റെ തുടക്കത്തിൽ തന്നെ സ്വന്തമാക്കി പിന്നീട് പരിക്കേറ്റു പുറത്തു പോയ ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരം ജോഷുവ സോട്ടിരിയോയും ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

സോട്ടിരിയോ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരാറുണ്ടെങ്കിലും എന്നാണു കളിക്കളത്തിലേക്ക് തിരിച്ചു വരികയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജനുവരി അവസാനിക്കുമ്പോഴേക്കും താരത്തിന് തിരിച്ചുവരാൻ കഴിഞ്ഞാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാമത്തെ പകുതിയിൽ കളിക്കാൻ കഴിയും.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു പ്രതീക്ഷ തന്നെയാണിതെല്ലാം. മറ്റു ക്ലബുകളെല്ലാം ചെറിയ തോതിൽ പ്രതിസന്ധികൾ അനുഭവിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നു മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സിന് ഓരോ താരത്തിന്റെയും തിരിച്ചുവരവ് കൂടുതൽ ആവേശം നൽകുന്നു.

Kerala Blasters Will Get More Strength After Super Cup