ലിത്വാനിയൻ താരത്തെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകപ്പട, ഇരുപത്തിനാലു മണിക്കൂർ പിന്നിടും മുൻപു തന്നെ അവിശ്വസനീയമായ കുതിപ്പ് | Fedor Cernych

അഡ്രിയാൻ ലൂണക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ലിത്വാനിയൻ താരമായ ഫെഡോർ സെർനിച്ചിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം വലിയ തോതിൽ കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം താരത്തെ സ്വന്തമാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു ദിവസം പോലും പിന്നിട്ടില്ലെന്നിരിക്കെയാണ് അത്ഭുതപ്പെടുത്തുന്ന കുതിപ്പുണ്ടായിരിക്കുന്നത്.

ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ റഷ്യ, ബെലാറസ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതിൽ തന്നെ റഷ്യൻ പ്രീമിയർ ലീഗ് ക്ലബായ ഡൈനാമോ മോസ്‌കോ വലിയ ക്ലബാണ്. എന്നാൽ ഇത്രയും ക്ലബുകളിൽ കളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് സൈനിങ്‌ പ്രഖ്യാപിക്കുന്ന സമയത്ത് വെറും ഏഴായിരം പേർ മാത്രമായിരുന്നു താരത്തെ ഫോളോ ചെയ്‌തിരുന്നത്‌.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് സൈനിങ്‌ പ്രഖ്യാപിച്ച് ഇരുപത്തിനാലു മണിക്കൂർ പോലും പിന്നിട്ടില്ലെന്നിരിക്കെ പിന്തുടരുന്ന ആളുകളുടെ എണ്ണം കുതിച്ചു കയറുകയാണ്. ഇപ്പോൾ തന്നെ ഫെഡോറിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം എൺപത്തിനായിരത്തിലെക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. താരം ടീമിനായി ഇറങ്ങുമ്പോഴും അതിൽ വർധനവുണ്ടാകും. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലെ ലൈക്കിന്റെ എണ്ണവും വർധിച്ചിട്ടുണ്ട്.

തങ്ങളുടെ കരുത്ത് എന്താണെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ച് കൃത്യമായി പഠിച്ചിട്ടില്ലെങ്കിൽ ഈ കുതിച്ചു കയറ്റം കണ്ടു ലിത്വാനിയൻ താരം അമ്പരന്നു പോയിട്ടുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത ഒന്നായിരിക്കും അദ്ദേഹം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.

എന്തായാലും പുതിയ സൈനിങ്‌ ഉടനെ കളിക്കാനിറങ്ങാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സൂപ്പർ കപ്പിന് ശേഷമേ ഫെഡോർ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേരൂ. എന്തായാലും ഈ സീസണിൽ മികച്ച പ്രകടനം നടത്തിയാൽ താരത്തെ നിലനിർത്താൻ ആരാധകരുടെ ഈ പിന്തുണ സഹായിക്കാനുള്ള സാധ്യതയുണ്ട്.

Fedor Cernych Instagram Followers Increased