ക്യാപ്റ്റൻ ലിത്വാനിയ പുതിയ ക്ലബിൽ, അവിടെയും കരുത്തറിയിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

അഡ്രിയാൻ ലൂണക്ക് പകരക്കാരനായി കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തി സീസൺ കഴിയുന്നത് വരെ ടീമിനൊപ്പമുണ്ടായിരുന്ന താരമായിരുന്നു ഫെഡോർ ചെർണിച്ച്. പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിക്കെതിരെ നേടിയ ഗോളടക്കം മൂന്നു ഗോളുകൾ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കണ്ടെത്തിയ താരം സീസൺ കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് വിടുകയാണുണ്ടായത്.

ബ്ലാസ്റ്റേഴ്‌സ് വിട്ട ഫെഡോർ ചെർണിച്ച് പുതിയ ക്ലബ്ബിനെ കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ നാടായ ലിത്വാനിയയിൽ തന്നെയുള്ള എഫ്‌കെ കൗണോ സാൽഗ്രിസ് എന്ന ക്ലബിലേക്കാണ് താരം ചേക്കേറിയത്. ലിത്വാനിയയിലെ ടോപ് ഡിവിഷൻ ക്ലബായ സാൽഗ്രിസ് കഴിഞ്ഞ ദിവസം താരത്തിന്റെ സൈനിങ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

ഏതാനും മാസങ്ങൾ മാത്രമേ ടീമിനൊപ്പം ഉണ്ടായിരുന്നുള്ളൂവെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ രീതിയിൽ സ്വാഗതം ചെയ്‌ത താരമാണ് ഫെഡോർ. പുതിയ ക്ലബിന്റെ സൈനിങ്‌ പ്രഖ്യാപനത്തിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. സാൽഗ്രിസ് ക്ലബ് ഇതുവരെ ഇട്ട പോസ്റ്റുകളിൽ ഏറ്റവുമധികം ലൈക്ക് നേടിയത് ഫെഡോർ ചെർണിച്ചിനെ സ്വാഗതം ചെയ്‌തു കൊണ്ടുള്ളതാണ്.

ഒരു യൂറോപ്യൻ രാജ്യത്തിന്റെ നായകൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു എന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തോടെയാണ് ഫെഡറിനെ സ്വീകരിച്ചത്. യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ പങ്കെടുത്തതും താരത്തിന് ആരാധകർ വർധിക്കാൻ കാരണമായി. ഇന്ത്യയിലെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാൻ സമയമെടുത്ത് താരത്തിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു.

ഫെഡോർ ചേർനിച്ചിന്റെ പുതിയ ക്ലബ് ലിത്വാനിയൻ ലീഗിൽ നാലാം സ്ഥാനത്താണ്. 2004ൽ രൂപീകൃതമായ ക്ലബ് ഒരിക്കൽ ലീഗിൽ രണ്ടാം സ്ഥാനത്തു വന്നിട്ടുണ്ട്. രണ്ടു തവണ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത അവർക്ക് അത് നേടിക്കൊടുക്കുകയാണ് ഫെഡറിന്റെ ലക്‌ഷ്യം.