മൂന്നു വർഷം കൂടുമ്പോൾ 32 ടീമുകളുമായി ക്ലബ് ലോകകപ്പ്, ഫുട്ബോളിൽ വിപ്ലവമാറ്റങ്ങൾ പ്രഖ്യാപിച്ച് ഫിഫ

ഫുട്ബോൾ ലോകത്ത് സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നുറപ്പുള്ള പ്രഖ്യാപനം നടത്തി ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ. പുരുഷന്മാരുടെ ക്ലബ് ലോകകപ്പ് മൂന്നു വർഷം കൂടുമ്പോൾ ഒരു പ്രാവശ്യം കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി നടത്തുകയെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 2025ൽ ഇതാദ്യമായി മൊറോക്കോയിൽ വെച്ച് നടക്കും. ഇതിനു പുറമെ വേൾഡ് സീരീസ്, ഫിഫ വനിതാ ക്ലബ് ലോകകപ്പ് എന്നിവയും ഫിഫ ഇന്ന് പ്രഖ്യാപിച്ച പുതിയ തീരുമാനങ്ങളിൽ ഉൾപ്പെടുന്നു.

നിലവിൽ ആറു വ്യത്യസ്‌ത കോൺഫെഡറേഷനുകളിൽ നിന്നും ഏഴു ടീമുകളാണ് ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്നത്. യൂറോപ്പിൽ നിന്നുള്ള ടീം നേരിട്ട് സെമിയിലേക്ക് കടക്കും. അതിനു പകരം ലോകകപ്പ് പോലെ തന്നെ മുപ്പത്തിരണ്ട് ടീമുകൾ പങ്കെടുക്കുന്ന വലിയ ടൂർണമെന്റായി മൂന്നു വർഷത്തിലൊരിക്കൽ ഇത് നടത്താനുള്ള പദ്ധതിയാണ് ഫിഫയ്ക്കുള്ളത്. ഇത് വിവിധ കോൺഫെഡറേഷനിൽ നിന്നുള്ള കൂടുതൽ ടീമുകൾക്ക് അവസരം നൽകും.

ഇതിനു പുറമെ ലോകത്തിലെ വിവിധ രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വേൾഡ് സീരീസും ഫിഫ നടത്തും. മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിൽ വിവിധ കോൺഫെഡറേഷനുകളിൽ നിന്നുള്ള നാല് വീതം രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ഇത് നടത്താൻ പദ്ധതിയുള്ളത്. ഇതിനു പുറമെ വനിതാ ക്ലബ് ലോകകപ്പ് നടത്താനും ഫിഫക്ക് പദ്ധതിയുണ്ട്. ഇതിന്റെ അന്തിമ രേഖ രൂപപ്പെടുത്തി വരുന്നതേയുള്ളൂ.

പുതിയ ക്ലബ് ലോകകപ്പ് യുവേഫ ചാമ്പ്യൻസ് ലീഗിന് ചെറിയ രീതിയിൽ ഭീഷണി സൃഷ്‌ടിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ ചെറിയ ക്ലബുകൾക്ക് വരെ ഇതിലേക്ക് യോഗ്യത നേടി യൂറോപ്പിലെ വമ്പൻ ടീമുകളെ നേരിടാനുള്ള അവസരം ഇതുണ്ടാക്കുമെന്നതിൽ സംശയമില്ല. ഫുട്ബോളിന്റെ വളർച്ചക്ക് വളരെയധികം സഹായിക്കുന്നതാണ് ഈ തീരുമാനങ്ങൾ. എന്നാൽ കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് താരങ്ങളിൽ അതൃപ്‌തിയുണ്ടാക്കാൻ സാധ്യതയുണ്ട്.