ഒരൊറ്റ ഇംഗ്ലണ്ട് ആരാധകർ അറസ്റ്റ് ചെയ്യപ്പെട്ടില്ല, ചരിത്രം മാറ്റിയെഴുതി ഖത്തർ ലോകകപ്പ്

മുൻവിധികളെയെല്ലാം തകർത്തു കൊണ്ട്, വിമർശനങ്ങൾ ഉയർത്തിയവർ തന്നെ അഭിനന്ദിക്കുന്ന തലത്തിലേക്ക് ഉയർന്ന ഖത്തർ ലോകകപ്പിന് മറ്റൊരു നേട്ടം കൂടി. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇംഗ്ലണ്ട്, വെയിൽസ്‌ ആരാധകൻ പോലും അറസ്റ്റ് ചെയ്യപ്പെടാത്ത ആദ്യത്തെ ടൂർണമെന്റാണ് ഇത്തവണത്തേത്. ബ്രിട്ടീഷ് പോലീസിംഗ് യൂണിറ്റിലെ ചീഫ് കോൺസ്റ്റബിളായ മാർക്ക് റോബർട്ട്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ആരാധകർ കുഴപ്പങ്ങൾ ഉണ്ടാക്കിയില്ലെന്നത് ഖത്തർ ഒരുക്കിയ സുരക്ഷയുടെ കൂടി മികവ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട് ആരാധകർ മാത്രം റഷ്യയിൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് റോബർട്ട് പറയുന്നു. സാധാരണ കുറച്ച് ആരാധകർ അറസ്റ്റ് ചെയ്യപ്പെടുന്ന പതിവുണ്ടെന്നും എന്നാൽ ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടാതിരിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനോട് തോറ്റ് പുറത്തായപ്പോൾ പോലും ഇംഗ്ലീഷ് ആരാധകർ കുഴപ്പങ്ങൾ ഉണ്ടാക്കിയില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ യൂറോ കപ്പിൽ വളരെയധികം അക്രമാസക്തരായി ഫുട്ബോൾ ലോകത്തിന്റെ വിമർശനം ഏറ്റു വാങ്ങിയ ഇംഗ്ലീഷ് ആരാധകരാണ് ഖത്തറിൽ സംയമനം പാലിക്കുന്നത്.

ലോകകപ്പിനെത്തിയ ബ്രിട്ടീഷ് ആരാധകർ പുലർത്തിയ സംയമനത്തെയും അവരുടെ അച്ചടക്കമുള്ള പെരുമാറ്റത്തെയും റോബർട്ട് പ്രശംസിച്ചു. ഇതിനു പുറമെ ഖത്തർ ഒരുക്കിയ സുരക്ഷയെയും അതിനെ സഹായിക്കാൻ ഇംഗ്ലണ്ടിൽ നിന്നുമെത്തിയ പോലീസ് സംഘത്തിന്റെ മികച്ച കാര്യനിർവഹണശേഷിയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ആരാധകരുടെ പെരുമാറ്റത്തിനൊപ്പം ഖത്തർ കർശനമായി നടപ്പിലാക്കിയ പല നിയമങ്ങളും ആരാധകരെ കൃത്യമായി നിയന്ത്രിക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം അനുവദിക്കില്ലെന്ന തീരുമാനം ഖത്തർ അവസാന നിമിഷം എടുത്തത് ആരാധകരുടെ അക്രമം കുറക്കാൻ സഹായിച്ചിട്ടുണ്ട്. ഈ തീരുമാനം വനിതകൾക്കും കുടുംബങ്ങൾക്കും വളരെയധികം ഗുണം ചെയ്‌തുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്റ്റേഡിയങ്ങളിലും പുറത്തും യാതൊരു വിധത്തിലുള്ള അക്രമവും തങ്ങൾ നേരിട്ടില്ലെന്നും മികച്ച സുരക്ഷയാണ് അനുഭവിക്കാൻ കഴിഞ്ഞതെന്നും പലരും പറഞ്ഞു. ഖത്തറിൽ ലോകകപ്പ് സംഘടിപ്പിക്കാനുള്ള തീരുമാനം വന്നപ്പോൾ നെറ്റി ചുളിച്ചവർക്കും വിമർശനം ഉയർത്തിയവർക്കുമുള്ള മറുപടി കൂടിയാണിത്.