കേരളത്തിന്റെ സ്നേഹം നെയ്‌മർ മനസിലാക്കി, മലയാളക്കരക്ക് നന്ദി പറഞ്ഞ് ബ്രസീൽ താരം

ഖത്തർ ലോകകപ്പിൽ ബ്രസീൽ നേരത്തെ തന്നെ പുറത്തായെങ്കിലും കേരളത്തിലെ ബ്രസീൽ ആരാധകർക്ക് അഭിമാനിക്കാൻ കഴിയുന്ന നിമിഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബ്രസീലിനോടും നെയ്‌മറോടുമുള്ള കേരളത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞ് നെയ്‌മറുടെ ഒദ്യോഗിക സോഷ്യൽ മീഡിയ, വെബ്‌സൈറ്റ് എന്നിവ കൈകാര്യം ചെയ്യുന്ന നെയ്‌മർ ജൂനിയർ സൈറ്റ് എന്ന പേജ് മലയാളികൾക്കും കേരളത്തിനും നന്ദി രേഖപ്പെടുത്തുകയുണ്ടായി.

ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് കേരളത്തിന്റെ സ്നേഹത്തിനു നെയ്‌മർ നന്ദി പറഞ്ഞത്. കേരളത്തിൽ സ്ഥാപിച്ച നെയ്‌മറുടെ ഒരു കട്ടൗട്ടിനു മുന്നിൽ ഒരു കുഞ്ഞു കുട്ടിയേയും തോളിലേറ്റി നിൽക്കുന്ന ആരാധകന്റെ ചിത്രം പോസ്റ്റ് ചെയ്‌താണ്‌ അവർ നന്ദി പറഞ്ഞത്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സ്‌നേഹം ലഭിക്കുന്നു, ഇന്ത്യയിലെ കേരളത്തിന് ഒരുപാട് നന്ദി എന്നാണു അതിനു തലക്കെട്ട് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും ഇത് പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

ലാറ്റിനമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, ഏഷ്യൻ രാജ്യങ്ങളിലും ഫുട്ബോളിനും ടീമുകൾക്കും വലിയ ആരാധകരുണ്ടെന്ന് മനസിലാക്കിക്കൊടുത്ത ലോകകപ്പായിരുന്നു ഇത്. പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ ആഗോള തലത്തിൽ തന്നെ ട്രെന്റിങായി മാറിയത് ഇതിനൊരു ഉദാഹരണം കൂടിയാണ്. ഇതിനു പിന്നാലെ കേരളത്തെ പ്രത്യേകം അഭിനന്ദിച്ച് നെയ്‌മറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ എത്തിയത് മലായാളികൾക്ക് അഭിമാനമായി.