ലോകകപ്പ് കളിക്കുകയെന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാർഥ്യമാകും, ഫിഫയുടെ തീരുമാനം വാതിലുകൾ തുറക്കുന്നു

അർജന്റീന കിരീടമുയർത്തിയ ഖത്തർ ലോകകപ്പ് ആ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ടൂർണമെന്റ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഫിഫ കൗൺസിൽ യോഗത്തിൽ അടുത്ത ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റാനുള്ള ചർച്ച നടത്തി തീരുമാനം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ച് നടക്കുന്ന ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

നിലവിലെ ഫോർമാറ്റിൽ മുപ്പത്തിരണ്ട് ടീമുകളാണ് ലോകകപ്പ് ടൂർണമെന്റിൽ മത്സരിച്ചതെങ്കിൽ അടുത്ത ലോകകപ്പിൽ 48 ടീമുകളാണ് പരസ്‌പരം പോരാടുക. നാല് ടീമുകൾ അടങ്ങുന്ന പന്ത്രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ആദ്യത്തെ രണ്ടു സ്ഥാനക്കാരായ ടീമുകളും ഏറ്റവും മികച്ച എട്ടു മൂന്നാം സ്ഥാനക്കാരും നോക്ക്ഔട്ടിലേക്ക് യോഗ്യത നേടും. നോക്ക്ഔട്ട് മത്സരങ്ങൾ 32 ടീമുകളെ വെച്ചാണ് ആരംഭിക്കുക. ഇതുവരെയുള്ള ലോകകപ്പിൽ നോക്ക്ഔട്ടിൽ 16 ടീമുകളായിരുന്നു ഉണ്ടായിരുന്നത്.

ടീമുകളുടെ എണ്ണം കൂടുന്നതിനാൽ തന്നെ ദൈർഘ്യവും മത്സരങ്ങളുടെ എണ്ണവും അടുത്ത ലോകകപ്പിൽ കൂടുതലായിരിക്കും. അമ്പതിലധികം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ലോകകപ്പിൽ നൂറിലധികം മത്സരങ്ങളാണ് ഉണ്ടാവുക. ഇതുവഴി വരുമാനം വർധിപ്പിക്കുക എന്നത് തന്നെയാണ് ഫിഫ ഉദ്ദേശിക്കുന്നത്. ഒൻപതു ബില്യൺ വരുമാനം അടുത്ത ലോകകപ്പിൽ ഉണ്ടാക്കുകയെന്നതാണ് ഫിഫയുടെ ലക്‌ഷ്യം. കൂടുതൽ ടീമുകൾക്ക് അവസരം നൽകുന്നതും ഇതിന്റെ ഗുണമാണ്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ലോകകപ്പിൽ കളിക്കുകയെന്ന തങ്ങളുടെ ലക്‌ഷ്യം നിറവേറ്റാൻ ഈ ഫോർമാറ്റ് കൊണ്ട് കഴിയുമെന്നുറപ്പാണ്. അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സാധ്യത കുറവാണെങ്കിലും ദീർഘവീക്ഷണത്തോടെ മുന്നോട്ടു പോയാൽ അതിനടുത്ത ലോകകപ്പിനു യോഗ്യത നേടാൻ ഇന്ത്യക്ക് കഴിയുമെന്നതിൽ സംശയമില്ല. ഫുട്ബോളിനെ മെച്ചപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് ഇന്ത്യയിലെ ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.