സൗദിയിലെ അരങ്ങേറ്റം നായകനായി, ഹാട്രിക്കോടെ ആഘോഷിച്ച് ഫിർമിനോ | Firmino

ലിവർപൂൾ കരാർ അവസാനിച്ച് ക്ലബ് വിട്ട റോബർട്ട് ഫിർമിനോ യൂറോപ്പിൽ തന്നെ തുടരാതെ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറുകയാണ് ചെയ്‌തത്‌. സൗദിയിലെ മുൻനിര ക്ലബുകളിൽ ഒന്നായ അൽ അഹ്ലിയാണ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം സൗദി പ്രൊഫെഷണൽ ലീഗിൽ അരങ്ങേറ്റം കുറിച്ച താരം മത്സരത്തിൽ നായകനായിറങ്ങി ഹാട്രിക്ക് ഗോളുകൾ നേടി ഗംഭീരപ്രകടനമാണ് നടത്തിയത്.

അൽ ഹാസെമിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്ന താരം പത്ത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾ നേടിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനയിലൂടെ അൽ ഹാസം ഒരു ഗോൾ നേടി തിരിച്ചു വരാനുള്ള ശ്രമം നടത്തിയെങ്കിലും കളിയുടെ എഴുപത്തിരണ്ടാം മിനുട്ടിൽ മറ്റൊരു ഗോൾ കൂടി നേടി റോബർട്ട് ഫിർമിനോ മത്സരം അൽ അഹ്‌ലിക്ക് സ്വന്തമാക്കി കൊടുത്തു.

ഈ സമ്മറിൽ യൂറോപ്പിലെ ക്ലബുകളിൽ നിന്നും നിരവധി വമ്പൻ താരങ്ങളെ സ്വന്തമാക്കിയ സൗദി അറേബ്യൻ ക്ലബാണ് അൽ അഹ്ലി. ഫിർമിനോക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മഹ്റസ്, ന്യൂകാസിൽ യുണൈറ്റഡ് വിങ്ങർ മാക്‌സിമൈൻ, റോമ ഡിഫൻഡർ റോജർ ഇബനസ്, ബാഴ്‌സലോണ മധ്യനിര താരം ഫ്രാങ്ക് കെസി എന്നിവരാണ് അൽ അഹ്‌ലിയിൽ കളിക്കുന്നത്.

സൗദി പ്രൊഫെഷണൽ ലീഗിലെ ആദ്യത്തെ മത്സരമാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ സീസണിൽ റൊണാൾഡോ എത്തിയതിനു ശേഷം യൂറോപ്പിൽ നിന്നും വമ്പൻ താരങ്ങളുടെ കുത്തൊഴുക്ക് സൗദിയിലേക്ക് ഉണ്ടായിട്ടുണ്ട്. നിരവധി ക്ലബുകൾ മികച്ച താരങ്ങളെ ടീമിലെത്തിച്ചതിനാൽ തന്നെ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ഏഷ്യയിലും സൗദി ക്ലബുകൾ ആധിപത്യം സ്ഥാപിച്ചേക്കും.

Firmino Hattrick On Saudi Debut