സന്തോഷവാനായ മെസി അസാധ്യമായത് ചെയ്യും, മെസിയുടെ കളി കാണാനെത്തിയ സ്‌കലോണിയുടെ വാക്കുകൾ | Scaloni

അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു ശേഷം അസാധ്യമായ ഫോമിലാണ് ലയണൽ മെസി കളിച്ചു കൊണ്ടിരിക്കുന്നത്. അഞ്ചു മത്സരങ്ങൾ ഇന്റർ മിയാമിക്കായി കളിച്ച മെസി അഞ്ചിലും ഗോളുകൾ നേടുകയുണ്ടായി. അഞ്ചു മത്സരങ്ങളിൽ നിന്നും എട്ടു ഗോളും ഒരു അസിസ്റ്റുമാണ് ലയണൽ മെസിയുടെ സമ്പാദ്യം. ലയണൽ മെസി എത്തിയതിനു ശേഷം ഗംഭീരഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇന്റർ മിയാമി ലീഗ്‌സ് കപ്പിന്റെ സെമി ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഷാർലറ്റ് എഫ്‌സിയുമായി നടന്ന മത്സരത്തിൽ ഇന്റർ മിയാമി നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ അതിൽ അവസാനത്തെ ഗോൾ ലയണൽ മെസിയുടെ വകയായിരുന്നു. മത്സരം കാണാൻ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിയും എത്തിയിരുന്നു. മത്സരത്തിന് ശേഷം ലയണൽ സ്‌കലോണി അർജന്റീന നായകൻ ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷമുള്ള പ്രകടനമികവിനെക്കുറിച്ച് വിലയിരുത്തുകയുണ്ടായി.

“എന്റെ കുടുംബത്തിനൊപ്പം ലയണൽ മെസിയെ കാണാനാണ് ഞാൻ ഇവിടെയെത്തിയത്. മെസിയെ വളരെ സന്തോഷവാനായി ഞാനിവിടെ കാണുന്നു. മെസി സന്തോഷവാനായി തുടരുകയാണെങ്കിൽ മറ്റു കളിക്കാരിൽ നിന്നും വ്യത്യസ്‌തമായ പലതും താരം ചെയ്യും.” സ്‌കലോണി ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ പറഞ്ഞു. അമേരിക്കൻ ലീഗിലെ മത്സരങ്ങൾ യൂറോപ്പിലെ മത്സരങ്ങളെ അപേക്ഷിച്ച് ബുദ്ധിമുട്ട് കുറഞ്ഞതു കൊണ്ടല്ല മെസി മികച്ച പ്രകടനം നടത്തുന്നതെന്ന് സ്‌കലോണിയുടെ വാക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങൾ ലയണൽ മെസി പിഎസ്‌ജിയിലാണ് കളിച്ചത്. ബാഴ്‌സലോണയിൽ നിന്നും പോയ താരം അവിടെ പൂർണമായും തൃപ്‌തനായിരുന്നില്ല. അത് മെസിയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്‌തിരുന്നു. പിഎസ്‌ജിയിൽ അത്ര തിളങ്ങാൻ കഴിയാതിരിക്കുമ്പോഴും അർജന്റീനയിൽ ഉജ്ജ്വലപ്രകടനം നടത്താൻ മെസിക്ക് കഴിഞ്ഞത് ടീമിനൊപ്പം സന്തോഷവാനായിരിക്കുന്നത് കാരണമാണ്. ഇന്റർ മിയാമിയിലും അതെ സന്തോഷം മെസിയിൽ കാണാനുണ്ട്.

Scaloni About Messi Form With Inter Miami