വീണ്ടും മാർവൽ സൂപ്പർഹീറോ സെലിബ്രെഷനുമായി മെസി, ഇത്തവണ പുറത്തെടുത്തത് സ്‌പൈഡർമാൻ സെലിബ്രെഷൻ | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം മാരകഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസി കഴിഞ്ഞ മത്സരത്തിലും ഗോൾ നേടുകയുണ്ടായി. ഷാർലറ്റ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ അവസാനത്തെ ഗോളാണ് ലയണൽ മെസിയുടെ ബൂട്ടിൽ നിന്നും പിറന്നത്. ഇതോടെ ഇന്റർ മിയാമിക്കായി കളിച്ച അഞ്ചു മത്സരങ്ങളിലും മെസി ഗോൾ നേടുകയുണ്ടായി.

ഇന്റർ മിയാമിക്ക് വേണ്ടി ഗോൾ നേടിയതിനു ശേഷം ലയണൽ മെസി പുറത്തെടുക്കുന്ന സെലിബ്രെഷനുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാർവൽ യൂണിവേഴ്‌സിലെ സൂപ്പർഹീറോസിനെ അനുകരിച്ചാണ്‌ ലയണൽ മെസി ഗോളാഘോഷങ്ങൾ നടത്തുന്നത്. ആദ്യം മെസി അനുകരിച്ചത് തോറിനെയായിരുന്നു. അത് ബെക്കാമിനു നേർക്കാണെന്ന രീതിയിലാണ് ആദ്യം കരുതിയതെങ്കിലും ലയണൽ മെസിയുടെ ഭാര്യയായ അന്റോനെല്ല മാർവെൽ ഗോളാഘോഷത്തെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

അതിനു ശേഷം എഫ്‌സി ഡള്ളാസിനെതിരെ നടന്ന മത്സരത്തിൽ ബ്ളാക്ക് പാന്തറിനെ അനുകരിച്ച ലയണൽ മെസി വീണ്ടും ചർച്ചയായി മാറി. ഇപ്പോൾ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഷാർലറ്റ് എഫ്‌സിക്കെതിരെ ഗോൾ നേടിയതിനു ശേഷവും മെസി മറ്റൊരു സൂപ്പർഹീറോയെ അനുകരിക്കുകയുണ്ടായി. ഗോളടിച്ചതിനു ശേഷം ലോകമെമ്പാടും ആരാധകരുള്ള സൂപ്പർഹീറോയായ സ്പൈഡർമാനെയാണ് ലയണൽ മെസി അനുകരിച്ചത്. ഇതും വൈറലായി മാറിയിട്ടുണ്ട്.

ലയണൽ മെസിയുടെ സെലിബ്രെഷനെക്കുറിച്ച് വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉയർന്നിരുന്നെങ്കിലും അതിന്റെ കാരണം അന്റോനല്ല തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. മെസിയുടെ സെലിബ്രെഷനുകൾ തന്റെ മക്കൾക്ക് വേണ്ടിയാണെന്നാണ് അവർ പറഞ്ഞത്. മാർവൽ സൂപ്പർഹീറോസിന്റെ വലിയ ആരാധകരാണ് മെസിയുടെ മക്കൾ. അതേസമയം ഈ സെലിബ്രെഷനുകൾ അമേരിക്കയിൽ മെസി തരംഗം വർധിക്കാൻ കാരണമാകുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

Messi Hits Spiderman Celebration