മെസിയെ തടുക്കാൻ ആർക്കുമാവില്ല, അഞ്ചാം മത്സരത്തിലും ഗോൾ; ഇന്റർ മിയാമിക്ക് ഉജ്ജ്വലവിജയം | Messi

തുടർച്ചയായ അഞ്ചാമത്തെ മത്സരത്തിലും ഇന്റർ മിയാമിക്കായി ഗോളടിച്ച് ലയണൽ മെസി. ഇന്ന് രാവിലെ നടന്ന ലീഗ്‌സ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷാർലറ്റ് എഫ്‌സിക്കെതിരെ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചപ്പോൾ അവസാനത്തെ ഗോളാണ് ലയണൽ മെസി നേടിയത്. ഇതോടെ ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം കളിച്ച എല്ലാ മത്സരത്തിലും ഗോൾ നേടാൻ മെസിക്കായി. അഞ്ചു മത്സരങ്ങളിൽ നിന്നും എട്ടു ഗോളാണ് താരം നേടിയിരിക്കുന്നത്.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ മിയാമിക്ക് തന്നെയായിരുന്നു ആധിപത്യം. പന്ത്രണ്ടാം മിനുട്ടിൽ തന്നെ അവർ മുന്നിലെത്തുകയും ചെയ്‌തു. വെനസ്വലൻ സ്‌ട്രൈക്കർ ജോസഫ് മാർട്ടിനസ് പെനാൽറ്റിയിലൂടെ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചതിനു ശേഷം മുപ്പത്തിരണ്ടാം മിനുട്ടിൽ ഫിൻലൻഡ്‌ താരമായ റോബർട്ട് ടെയ്‌ലറും ലക്‌ഷ്യം കണ്ടു. ഇതോടെ ആദ്യപകുതിയിൽ തന്നെ വിജയം ഉറപ്പിച്ചാണ് ഇന്റർ മിയാമി ഇടവേളക്കായി പിരിഞ്ഞത്.

ഏഴുപത്തിയെട്ടാം മിനുട്ടിലാണ് ഇന്റർ മിയാമിയുടെ മൂന്നാം ഗോൾ പിറക്കുന്നത്. ഷാർലറ്റ് താരമായ അഡിൽസോൺ മലാൻഡയുടെ സെൽഫ് ഗോളാണ് ഇന്റർ മിയാമിയുടെ ലീഡ് ഉയർത്തിയത്. ഈ മത്സരം മെസി ഗോളടിക്കാതെ പൂർത്തിയാക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് എൺപത്തിയാറാം മിനുട്ടിൽ ലിയോനാർഡോ കാമ്പാനയുടെ അസിസ്റ്റിൽ നിന്നും താരം വല കുലുക്കുന്നത്.

അഞ്ചാം മത്സരത്തിലും ഗോൾ നേടിയതിനൊപ്പം ഇന്റർ മിയാമിയെ സെമി ഫൈനലിൽ എത്തിക്കാനും ലയണൽ മെസിക്ക് കഴിഞ്ഞു. ഇതോടെ ക്ലബ് ചരിത്രത്തിലെ ആദ്യത്തെ കിരീടത്തിനു രണ്ടു ചുവടു മാത്രം അകലെയാണ് ഇന്റർ മിയാമി. സെമി ഫൈനലിൽ എംഎൽഎസിലെ തന്നെ ക്ലബായ ഫിലാഡൽഫിയ യൂണിയനോ അല്ലെങ്കിൽ മെക്സിക്കൻ ക്ലബായ ഖുറെറ്റാറോ എഫ്‌സിയെ ആയിരിക്കും ഇന്റർ മിയാമിയുടെ എതിരാളികൾ.

Messi Scored For Inter Miami Against Charlotte FC