അപ്രതീക്ഷിത ട്വിസ്റ്റ്, ചെൽസിയെ മറികടന്നതിൽ ലിവർപൂൾ ആരാധകർ സന്തോഷിക്കാൻ വരട്ടെ | Chelsea

ഇന്നലെ രാത്രി പ്രീമിയർ ലീഗ് ആരാധകരെ ഞെട്ടിച്ചാണ് ഇക്വഡോർ താരമായ മൊയ്‌സസ് കൈസഡോയെ സ്വന്തമാക്കാൻ ലിവർപൂളും ബ്രൈറ്റണും തമ്മിൽ ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ യൂറോപ്പിലെ പ്രമുഖ ജേർണലിസ്റ്റുകളെല്ലാം പുറത്തു വിടുന്നത്. താരത്തിനായി 110 മില്യൺ പൗണ്ടിന്റെ ബ്രിട്ടീഷ് റെക്കോർഡ് ഓഫറാണ് ലിവർപൂൾ മുന്നോട്ടു വെച്ചത്. ഈ ഓഫറിന് ബ്രൈറ്റൻ സമ്മതം മൂളുകയായിരുന്നു.

കൈസഡോ എത്തുന്നതോടെ അടുത്ത സീസണിലെ പ്രീമിയർ ലീഗ് പ്രതീക്ഷകൾ സജീവമാക്കാമെന്ന പ്രതീക്ഷയിൽ ആയിരുന്നു ലിവർപൂളെങ്കിലും അക്കാര്യത്തിൽ വലിയൊരു തിരിച്ചടി അവർക്ക് വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലിവർപൂളും ബ്രൈറ്റണും തമ്മിൽ താരത്തിന്റെ ട്രാൻസ്‌ഫർ കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നെങ്കിലും താരവുമായി ധാരണയിൽ എത്തിയിരുന്നില്ല. അതവർക്കിപ്പോൾ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

കൈസഡോ ആഗ്രഹിക്കുന്നത് ചെൽസിയിലേക്കു ചേക്കേറാനാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലിവർപൂളിലേക്ക് മെഡിക്കൽ പരിശോധനകൾക്കായി പോകേണ്ടിയിരുന്ന താരം ഇപ്പോഴും ലണ്ടനിൽ തന്നെ തുടരുകയാണ്. ചെൽസിയിലേക്ക് ചേക്കേറാനാണ് താരം താൽപര്യപ്പെടുന്നതെന്നു ബ്രൈട്ടനെ അറിയിച്ചുവെന്നും അവർ പുതിയ ഓഫർ നൽകുന്നതിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടയിൽ താരത്തിനായി 117 മില്യൺ പൗണ്ടിന്റെ പുതിയ ഓഫർ ചെൽസി മുന്നോട്ടു വെച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്. അത് സത്യമാണെങ്കിൽ ബ്രൈറ്റൻ ആ ഓഫറിന് സമ്മതം മൂളി താരം ചെൽസിയിലേക്ക് ചേക്കേറാനുള്ള എല്ലാ സാധ്യതയുമുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങൾ ക്ലബ് വിട്ട ലിവർപൂളിനെ സംബന്ധിച്ച് കയ്യിലേക്ക് വന്ന കൈസഡോയെ നഷ്‌ടമാകുന്നത് വലിയെ തിരിച്ചടി തന്നെയാണ്.

Caicedo Informed He Wants To Join Chelsea