നെയ്‌മർക്ക് പിഎസ്‌ജി വിടാൻ അനുമതി ലഭിച്ചു, ചേക്കേറാൻ സാധ്യത മൂന്നു ക്ലബുകളിലേക്ക് | Neymar

കഴിഞ്ഞ സീസണിൽ പിഎസ്‌ജി ആരാധകരിൽ നിന്നും ഒരുപാട് വിമർശനങ്ങൾ നെയ്‌മർ ഏറ്റുവാങ്ങിയിരുന്നു. താരത്തിന്റെ വീടിനു മുന്നിലടക്കം ആരാധകർ പ്രതിഷേധവുമായി എത്തി. ബാഴ്‌സലോണയിൽ നിന്നും നെയ്‌മർ പിഎസ്‌ജിയിൽ എത്തിയതു മുതൽ താരത്തിനെതിരെ പല രീതിയിൽ പ്രതിഷേധം ഉണ്ടായിരുന്നു. അതിന്റെ ഏറ്റവും ഉയർന്ന രൂപം കഴിഞ്ഞ സീസണിൽ കണ്ടതോടെ ക്ലബ് വിടുകയെന്ന തീരുമാനത്തിലേക്ക് ബ്രസീലിയൻ താരം എത്തുകയുണ്ടായി.

നിലവിൽ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നെയ്‌മർക്ക് പിഎസ്‌ജി വിടാനുള്ള അനുമതി ക്ലബ് നൽകിയിട്ടുണ്ട്. ക്ലബ് വിടണമെന്ന് നെയ്‌മർ അറിയിച്ചിട്ടില്ലെങ്കിലും താരവും പിഎസ്‌ജി നേതൃത്വവും അതാണ് ആഗ്രഹിക്കുന്നത്. നിലവിൽ പിഎസ്‌ജിയും നെയ്‌മറുടെ പ്രതിനിധികളും ചേർന്ന് ഇതിനെല്ലാം പരിഹാരമുണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. താരം സമ്മറിൽ ഫ്രാൻസ് വിടുമെന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

പിഎസ്‌ജി വിടുകയാണെങ്കിൽ നെയ്‌മർ ചേക്കേറാൻ സാധ്യത മൂന്നു ക്ലബുകളിലേക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിലൊരെണ്ണം താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണയാണ്. നെയ്‌മറെ സ്വന്തമാക്കുന്ന കാര്യത്തിൽ ബാഴ്‌സലോണ പൂർണമായി തീരുമാനം എടുത്തിട്ടില്ലെങ്കിലും താരം തിരിച്ചു വരാനുള്ള സാധ്യത അവർ തള്ളിക്കളയുന്നില്ല. സാമ്പത്തികമായ പ്രതിസന്ധികൾ കാരണം ലോണിൽ മാത്രമേ നെയ്‌മറെ തിരിച്ചു കൊണ്ടുവരാൻ കഴിയൂവെന്നതാണ് ബാഴ്‌സലോണയെ സംബന്ധിച്ചുള്ള പ്രധാന പ്രതിസന്ധി.

അതേസമയം നെയ്‌മറെ നോട്ടമിടുന്ന മറ്റു രണ്ടു ക്ലബുകൾ സൗദി അറേബ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ളവയാണ്. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനു ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ വളരെയധികം താൽപര്യമുണ്ട്. മറ്റൊരു ക്ലബ് അമേരിക്കൻ ലീഗിൽ കളിക്കുന്ന ലോസ് ഏഞ്ചൽസ് എഫ്‌സിയാണ്/ എന്നാൽ ഏതു ക്ലബിലേക്കെന്ന കാര്യത്തിൽ അവസാനത്തെ തീരുമാനം ബ്രസീലിയൻ താരത്തിന്റേതു തന്നെയായിരിക്കും.

PSG Agrees Neymar Exit