ഞങ്ങളുടെ കുടുംബത്തിന്റെ മുന്നിൽ ആളാവാൻ നിൽക്കരുത്, നേരിട്ട് തീർക്കാൻ വരൂവെന്ന് ഒട്ടമെൻഡി
ഫ്രാൻസും അർജന്റീനയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് മത്സരം ഇരുവർക്കുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ കൊണ്ടു തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. അതിന്റെ പ്രതിഫലനം കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ കാണുകയും ചെയ്‌തു. ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ ഒരു ഗോളിന് കീഴടക്കി ഫ്രാൻസാണ് സെമിയിലേക്ക് മുന്നേറിയത്.
മത്സരത്തിൽ അർജന്റീനക്ക് ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാൻ കഴിയാതെ പോയതാണ് അവർക്കു തിരിച്ചടി നൽകിയത്. ഫൈനൽ വിസിൽ മുഴങ്ങിയതിനു ശേഷം അർജന്റീനയുടെയും ഫ്രാന്സിന്റെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയും നടന്നിരുന്നു. അർജന്റീന താരങ്ങളുടെ കുടുംബങ്ങളുടെ മുന്നിൽ ഫ്രാൻസ് താരങ്ങൾ വിജയം ആഘോഷിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.
🚨 Nicolas Otamendi: "There was one guy.. Bal.. Ba.. whose name I don’t even know (Loïc Badé). If he wants to celebrate, he can come and sort it out with us.
“They went and celebrated in front of our family members. If they want, they can come celebrate to us, players, where we… pic.twitter.com/7npER04ARM
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 2, 2024
മത്സരത്തിന് ശേഷം ഇതേക്കുറിച്ച് രൂക്ഷമായാണ് അർജന്റീന നായകനായ നിക്കോളാസ് ഒട്ടമെൻഡി സംസാരിച്ചത്. സെവിയ്യക്കു വേണ്ടി കളിക്കുന്ന ഫ്രാൻസ് ടീമിലെ പ്രതിരോധതാരമായ ലോയിക് ബാഡെയുടെ പ്രവൃത്തികളാണ് തങ്ങളുടെ രോഷത്തിനിരയാക്കിയതെന്നാണ് നിക്കോളാസ് ഒട്ടമെൻഡി പറയുന്നത്.
“അവിടെ ഒരുത്തനുണ്ടായിരുന്നു. ബാ.. അവന്റെ പേരെനിക്ക് ഓർമ കിട്ടുന്നില്ല. അവന് ആഘോഷിക്കണം എന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ ഇടയിൽ വന്നു ചെയ്‌തു തീർക്കാമായിരുന്നു. അവർ ഞങ്ങളുടെ കുടുംബാംഗങ്ങളുടെ മുന്നിലാണ് ആഘോഷിച്ചത്. അവർക്ക് ഞങ്ങൾ കളിക്കാരുടെ അടുത്തു വന്ന് ആഘോഷിക്കുകയും പറയാനുള്ളത് പറയുകയും ചെയ്യാമായിരുന്നു.” ഒട്ടമെൻഡി പറഞ്ഞു.
എന്തായാലും ഫ്രാൻസിനോട് കീഴടങ്ങിയതോടെ അർജന്റീന ഒളിമ്പിക്‌സിൽ നിന്നും പുറത്തായി. ഇതോടെ കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം ഫ്രഞ്ച് താരങ്ങളെ അർജന്റീന താരങ്ങൾ അധിക്ഷേപിച്ചതിനു പകരം വീട്ടിയിട്ടുണ്ട്. ഇന്നലത്തെ സംഭവങ്ങളോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വൈരി കൂടുതൽ വർധിക്കുമെന്ന് ഉറപ്പാണ്.