മെസിയെ ഓർമിപ്പിച്ച ഇടംകാൽ ഫ്രീകിക്ക് ഗോൾ, ഗംഭീര പ്രകടനവുമായി പതിനാറുകാരനായ അർജന്റീന താരം

ലോകഫുട്ബോളിന്റെ നെറുകയിൽ നിൽക്കുന്ന അർജന്റീനയിൽ നിന്നും മറ്റൊരു പ്രതിഭ കൂടി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നു. നിരവധി താരങ്ങളെ സംഭാവന ചെയ്‌ത അർജന്റീനയിലെ മികച്ച ക്ലബുകളിൽ ഒന്നായ റിവർപ്ലേറ്റിൽ നിന്നുമാണ് ഫ്രാങ്കോ മസ്‌തണ്ടുവോനോ എന്ന പതിനാറുകാരനായ അർജന്റീന താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരം കഴിഞ്ഞ ദിവസം റിവർപ്ലേറ്റിനു വേണ്ടി നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു. അർജന്റീന ലീഗായ ലീഗ്‌ പ്രൊഫെഷനിൽ സാർമിയാന്റോയുമായി നടന്ന മത്സരത്തിൽ ടീമിന്റെ വിജയഗോൾ നേടിയത് താരമായിരുന്നു. മനോഹരമായൊരു ഫ്രീ കിക്കിലൂടെയാണ് ഫ്രാങ്കോ മസ്‌തണ്ടുവോനോ ഗോൾ കണ്ടെത്തിയത്.

മത്സരത്തിൽ റിവർപ്ലേറ്റ് ആധിപത്യം സ്ഥാപിച്ചെങ്കിലും അവർക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കളി സമനിലയിൽ അവസാനിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച സമയത്താണ് എൺപത്തിയേഴാം മിനുട്ടിൽ ഫ്രാങ്കോ ഫ്രീകിക്ക് എടുക്കുന്നത്. ലയണൽ മെസിയെ ഓർമിപ്പിച്ച ഇടങ്കാലൻ ഫ്രീകിക്കിലൂടെ ഗോൾ നേടി താരം ടീമിന് വിജയം സ്വന്തമാക്കിക്കൊടുത്തു.

മധ്യനിര താരമായ ഫ്രാങ്കോ കഴിഞ്ഞ മത്സരത്തിൽ അടിച്ച ഷോട്ടുകൾ, വിജയിച്ച ഡുവൽസ്, ഒരുക്കി നൽകിയ അവസരങ്ങൾ, ഡ്രിബിൾസ് എന്നിവയിലെല്ലാം ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ ജനുവരിയിൽ റിവർപ്ലേറ്റിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ ഫ്രാങ്കോ തന്റെ പ്രതിഭയെ കൂടുതൽ കൂടുതൽ മിനുക്കിയെടുത്തു കൊണ്ടിരിക്കുകയാണ്.

അർജന്റീന ഫുട്ബോളിന്റെ സമീപകാലത്തെ കുതിപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവർ മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നതാണ്. പതിനാറാം വയസിൽ തന്നെ മികച്ച പ്രകടനം നടത്തുന്ന ഫ്രാങ്കോ അതിനുള്ള തെളിവാണ്. ഈ പ്രകടനം തുടർന്നാൽ വളരെയടുത്തു തന്നെ താരത്തെ യൂറോപ്പിലെ വമ്പന്മാർ നോട്ടമിടുമെന്നുറപ്പാണ്.