അപ്രതീക്ഷിത പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ഇവാന്റെ അഭാവം സൂപ്പർകപ്പിനെ ബാധിക്കില്ല | Kerala Blasters

ഏതാനും ദിവസങ്ങൾക്കകം സൂപ്പർകപ്പിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനെ പ്രഖ്യാപിച്ചു. പ്രധാന പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് വിലക്ക് വന്നതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർകപ്പിനു വേണ്ടി പുതിയ പരിശീലകനെ തീരുമാനിച്ചത്. ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ കളിക്കളത്തിൽ നിന്നും ഇറങ്ങിപ്പോയ ഇവാന് പത്ത് മത്സരങ്ങളിൽ വിലക്ക് വന്നതിനെ തുടർന്ന് സൂപ്പർകപ്പിൽ പരിശീലിപ്പിക്കാൻ കഴിയില്ല.

നിലവിൽ ടീമിന്റെ സഹപരിശീലകനായി ജോലി ചെയ്യുന്ന ഫ്രാങ്ക് ദോവനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി തിരഞ്ഞെടുത്തിട്ടുള്ളത്. ബെൽജിയം ദേശീയ ടീമിലെ മുൻ താരമായിരുന്ന ഫ്രാങ്ക് ദോവൻ 2022 ഓഗസ്റ്റ് മുതൽ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകരുടെ സംഘത്തിനൊപ്പമുണ്ട്. ഇവാനു വിലക്ക് മാറുന്നത് വരെ അദ്ദേഹത്തിന്റെ അഭാവം പരിഹരിക്കാൻ ഫ്രാങ്ക് ദോവനു കഴിയുമെന്നാണ് ക്ലബ് നേതൃത്വം കരുതുന്നത്.

ബെൽജിയൻ ക്ലബായ ബീർസ്കോട്ടിലാണ് ഇതിനു മുൻപ് നാല് വർഷമായി ഫ്രാങ്ക് ദോവൻ പരിശീലകനായി ഉണ്ടായിട്ടുള്ളത്. അതിനു മുൻപ് സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയുടെ യൂത്ത് ടീം പരിശീലകനായിരുന്നു ഇദ്ദേഹം. ഫുട്ബോൾ താരമെന്ന നിലയിൽ കരിയറിന്റെ അവസാനകാലത്ത് ബെൽജിയൻ ക്ലബായ വെസ്റ്റെർലോക്ക് വേണ്ടി കളിച്ചിട്ടുള്ള താരം അതിനു പിന്നാലെ അവരെ തന്നെ പരിശീലിപ്പിച്ചാണ് മാനേജീരിയൽ കാരിയാറിലേക്ക് വരുന്നത്.

അൻപത്തിയഞ്ചുകാരനായ ഫ്രണ്ട് ദോവൻ കരിയറിൽ ജന്റ് ഫുട്ബോൾ ക്ലബിന് വേണ്ടിയാണ് ഭൂരിഭാഗവും കളിച്ചിട്ടുള്ളത്. ബെൽജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 2008 മുതൽ പരിശീലകനായി കരിയർ ആരംഭിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പർകപ്പിൽ ടീമിന് മുതൽക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്.

സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന സൂപ്പർകപ്പിൽ കിരീടം നേടുകയെന്ന ലക്ഷ്യമാണ് സൂപ്പർകപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിൽ തന്നെ പുറത്തു പോയതിന്റെ ക്ഷീണം ഇതുവഴി മാറ്റുകയെന്ന ഉദ്ദേശവും ടീമിനുണ്ട്. സൂപ്പർകപ്പ് നേടിയാൽ അതുവഴി എഎഫ്‌സി കപ്പിനുള്ള യോഗ്യത മത്സരം കളിച്ച് യോഗ്യത നേടാൻ കൂടി വേണ്ടി ഏറ്റവും മികച്ച ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് അണിനിരത്തുന്നത്.

Content Highlights: Frank Dauwen Kerala Blasters Coach For Super Cup