പിഎസ്‌ജി മുന്നോട്ടു വെച്ച സുപ്രധാന ആവശ്യം നിരസിച്ച് ലയണൽ മെസി | Lionel Messi

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമായി തുടരുന്ന സമയമാണിപ്പോൾ. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അതു പുതുക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. ഖത്തർ ലോകകപ്പിന് പിന്നാലെ തന്നെ ഫ്രഞ്ച് ക്ലബുമായി പുതിയ കരാർ ഒപ്പിടുമെന്നു പ്രതീക്ഷിച്ച ലയണൽ മെസി അത് നീട്ടിക്കൊണ്ടു പോയതോടെയാണ് താരം ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചത്.

അതേസമയം പിഎസ്‌ജി കരാറിലെ ഒരു സുപ്രധാന നിബന്ധനയാണ് ലയണൽ മെസി കരാർ പുതുക്കുന്നില്ലെന്നു തീരുമാനിക്കാൻ കാരണമായതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നിലവിലെ പ്രതിഫലത്തിൽ നിന്നും ഇരുപത്തിയഞ്ചു ശതമാനം കുറച്ച് പുതിയ കരാർ നൽകാമെന്നാണ് പിഎസ്‌ജി മെസിക്ക് മുന്നിൽ വെച്ച ഓഫർ. എന്നാൽ താരം ഉടനെ തന്നെ അത് നിഷേധിക്കുകയായിരുന്നു.

വമ്പൻ പ്രതിഫലം നൽകി വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടിയ പിഎസ്‌ജി ഇപ്പോൾ അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. ലോണിൽ പോയ താരങ്ങളിൽ പലർക്കും പ്രതിഫലത്തിന്റെ ഒരു ഭാഗം നൽകുന്ന ക്ലബിന്റെ വേതനബിൽ വളരെ കൂടുതലാണ്. എംബാപ്പെക്ക് വമ്പൻ പ്രതിഫലം നൽകിയുള്ള കരാർ നൽകിയതും ഇതിൽ നിർണായകമായിട്ടുണ്ട്. അതിനു വേണ്ടി താൻ ത്യാഗം ചെയ്യേണ്ടതില്ലെന്ന തോന്നലാവാം പ്രതിഫലം കുറക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് മെസിയെത്താൻ കാരണമായത്.

അതേസമയം മെസിയെ നിലനിർത്തുകയെന്നത് പിഎസ്‌ജി നേതൃത്വത്തിന്റെ പരിഗണനയിലുള്ള കാര്യമാണ്. ഫ്രഞ്ച് ക്ലബിന്റെ ഉടമകളായ ഖത്തരികൾ ഇക്കാര്യത്തിൽ ക്ലബ് പ്രസിഡന്റ് അടക്കമുള്ളവർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. റൊണാൾഡോ സൗദിയിൽ എത്തിയ സാഹചര്യത്തിൽ തങ്ങളുടെ ക്ലബിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കണമെന്ന് തന്നെയാണ് ഉടമകളുടെ ആഗ്രഹം.

അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും മെസിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്. അതേസമയം പിഎസ്‌ജിയിൽ തന്റെ പ്രതിഫലം കുറക്കാൻ യാതൊരു തരത്തിലും തയ്യാറാവാത്ത മെസി ബാഴ്‌സയിലേക്ക് ചേക്കേറാൻ വേതനം വെട്ടിക്കുറയ്ക്കാൻ തയ്യാറാണ്.

Content Highlights: PSG Want Lionel Messi Reduce His Salary By 25%