ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിക്കും, സാധ്യതകളിങ്ങിനെ | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്‌റുമായി കരാർ ഒപ്പിട്ടത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും തിളങ്ങാൻ കഴിയുമെന്ന് ഉറപ്പുള്ള താരമാണ് അത്രയൊന്നും പ്രാധാന്യം കിട്ടിയിട്ടില്ലാത്ത സൗദി സൂപ്പർ ലീഗിലേക്ക് ചേക്കേറാൻ പൊടുന്നനെ തീരുമാനിച്ചത്. എന്നാൽ അതുകൊണ്ടു ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലമാണ് റൊണാൾഡോക്ക് ലഭിക്കുന്നത്.

എന്നാൽ റൊണാൾഡോ അൽ നസ്റിൽ എത്തിയത് ഏഷ്യയിലെ ഫുട്ബോൾ ക്ലബുകൾക്ക് വലിയ സന്തോഷം നൽകിയ കാര്യമാണ്. റൊണാൾഡോയുടെ പേരിൽ ഏഷ്യൻ ഫുട്ബോളിനു ആഗോളതലത്തിൽ വലിയ പ്രശസ്‌തി ലഭിക്കുമെന്നും അതിനു പുറമെ ഏഷ്യൻ തലത്തിലുള്ള പോരാട്ടങ്ങളിൽ റൊണാൾഡോയുടെ ടീമുമായി പോരാടാനുള്ള അവസരം ലഭിക്കുക വഴി തങ്ങളുടെ ടീമുകൾക്കും പ്രശസ്‌തി ലഭിക്കുമെന്നുമാണ് അവർ ചിന്തിക്കുന്നത്.

എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗ് കഴിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് കളിക്കാനെത്തുമോയെന്ന ചോദ്യവും ആരാധകർ ഉയർത്തിയിരുന്നു. റൊണാൾഡോ അൽ നസ്റിൽ എത്തിയപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് വർധിച്ചിരിക്കുകയാണ്. റൊണാൾഡോ ഇന്ത്യയിലേക്ക് കളിക്കാനെത്താനുള്ള സാധ്യതയുണ്ടെന്നതു തന്നെയാണ് ഈ ചർച്ചകൾ ശക്തമാവാൻ കാരണം.

നിലവിൽ സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും അതിനു ശേഷം ഇന്ത്യയിൽ നിന്നും ടൂർണമെന്റിന് യോഗ്യത നേടിയ മുംബൈ സിറ്റി എഫ്‌സിയുമായി ഒരുമിച്ച് വരികയും ചെയ്‌താൽ റൊണാൾഡോ ഇന്ത്യയിൽ കളിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനു പുറമെ അൽ നസ്ർ എഎഫ്‌സി കപ്പിന് യോഗ്യത നേടി ഇന്ത്യയിൽ നിന്നുള്ള ടീമുമായി ഒരുമിച്ച് വന്നാലും അത് സംഭവിക്കും.

വമ്പൻ താരങ്ങൾ ഇന്ത്യയിൽ കളിച്ചിട്ടുണ്ടെങ്കിലും അതെല്ലാം സൗഹൃദ മത്സരങ്ങളുടെ ഭാഗമായിട്ടാണ്. എന്നാൽ ഒരു പ്രധാന ടൂർണമെന്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയൊരു താരം ഇന്ത്യയിലെ മൈതാനത്ത് ഇന്ത്യൻ ക്ലബിനെതിരെ കളിക്കുന്നത് വലിയ കാര്യമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് അതൊരു ചാലകശക്തിയായി മാറുമെന്ന കാര്യത്തിലും സംശയമില്ല.

Content Highlights: Cristiano Ronaldo Would Play In India