റൊണാൾഡോയുടെ ഇരട്ടി പ്രതിഫലം, ലയണൽ മെസിക്കായി ചരിത്രം തിരുത്തുന്ന കരാർ | Lionel Messi
ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. 175 മില്യൺ പൗണ്ടാണ് സൗദി ക്ലബുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായി റൊണാൾഡോക്ക് ഒരു സീസണിൽ ലഭിക്കുന്നത്. ഇതോടെ പണം കണ്ടു മാത്രമാണ് താരം യൂറോപ്പിലെ കരിയർ അവസാനിപ്പിച്ചതെന്ന അഭിപ്രായങ്ങളും പലരും ഉയർത്തിയിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ എത്തിയതോടെ യൂറോപ്പിലെ മറ്റു പല താരങ്ങളെയും സൗദി ക്ലബുകൾ ലക്‌ഷ്യം വെക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ലയണൽ മെസിയുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും വിശ്വസനീയമായിരുന്നില്ല. എന്നാൽ ഇപ്പോൾ സാക്ഷാൽ ഫാബ്രിസിയോ റൊമാനോ തന്നെ ലയണൽ മെസിക്കായി സൗദി ക്ലബ് ഓഫർ നൽകിയെന്ന വാർത്ത പുറത്തു വിട്ടിരിക്കുകയാണ്.
🚨 Understand Al Hilal sent an official bid to Leo Messi: salary worth more than €400m/year.
— Fabrizio Romano (@FabrizioRomano) April 4, 2023
◉ Leo’s absolute priority: continue in Europe.
◉ Barcelona, waiting on FFP to send bid and open talks.
◉ PSG bid, not accepted at this stage as Messi wanted sporting guarantees. pic.twitter.com/FVTDGs4eQV
റിപ്പോർട്ടുകൾ പ്രകാരം സൗദി ക്ലബും അൽ നസ്‌റിന്റെ പ്രധാന എതിരാളിയുമായ അൽ ഹിലാലാണ് ലയണൽ മെസിക്കായി ഓഫർ മുന്നോട്ടു വെച്ചിരിക്കുന്നത്. ഒരു സീസണിൽ 350 മില്യൺ പൗണ്ടാണ് മുപ്പത്തിയഞ്ചുകാരനായ താരത്തെ ഫ്രീ ഏജന്റായി വരുന്ന സമ്മറിൽ അവർ മുന്നോട്ടു വെച്ചിരിക്കുന്ന ഓഫർ. അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി നൽകുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് മെസിക്ക് ഓഫർ ചെയ്തിരിക്കുന്ന തുക.
ഈ സീസണോടെ ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിക്കുകയാണ്. ലോകകപ്പിന് ശേഷം അത് പുതുക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിൽ തീരുമാനമൊന്നും ആയിട്ടില്ല. പിഎസ്‌ജി ആരാധകർ തനിക്കെതിരെ തിരിഞ്ഞതു കൊണ്ടും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം സ്വീകാര്യമല്ലാത്തതു കൊണ്ടും മെസി ഭാവിയെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് താരത്തെ സ്വന്തമാക്കാൻ അൽ ഹിലാൽ ശ്രമിക്കുന്നത്.
അതേസമയം സൗദിയിൽ നിന്നും ഇപ്പോഴൊരു ഓഫർ മെസി സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവിൽ യൂറോപ്പിൽ തന്നെ തുടർന്ന് അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കക്ക് തയ്യാറെടുക്കുക എന്നതാണ് താരത്തിന്റെ ലക്‌ഷ്യം. ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അവരുടെ സാമ്പത്തിക പ്രതിസന്ധി അതിനെ അനുവദിക്കുമോ എന്നത് മാത്രമാണ് നോക്കാനുള്ളത്.
Content Highlights: Al Hilal Offered 400 Million Euros Per Season To Lionel Messi