ഗോൾകീപ്പറായി വലകാത്ത് ഒലിവർ ജിറൂദ്, തകർപ്പൻ സേവുമായി ടീമിന്റെ രക്ഷകനുമായി | Giroud

ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന എസി മിലാൻ ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയിരുന്നു. ജെനോവയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ മിലാൻ ഗോൾ നേടാൻ ബുദ്ധിമുട്ടിയെങ്കിലും അമേരിക്കൻ താരമായ ക്രിസ്റ്റ്യൻ പുലിസിച്ച് പകരക്കാരനായിറങ്ങി ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പകരക്കാരനായിറങ്ങിയ പുലിസിച്ച് എൺപത്തിയേഴാം മിനുട്ടിലാണ് ടീമിന് വിജയം നേടിക്കൊടുത്ത ഗോൾ കുറിച്ചത്.

മിലാന് ആധിപത്യമുണ്ടായിരുന്ന മത്സരത്തിൽ രണ്ടു ചുവപ്പുകാർഡുകളും പിറന്നു. നിശ്ചിതസമയമായ തൊണ്ണൂറു മിനിട്ടുകൾക്ക് ശേഷം പതിനഞ്ചു മിനുട്ടോളം വീണ്ടും നീണ്ട മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ എട്ടാം മിനുട്ടിൽ മിലാൻ ഗോൾകീപ്പർ മൈക്ക് മൈഗ്നനും ജെനോവ താരമായ ജോസെപ് മാർട്ടിനസിനുമാണ് ചുവപ്പുകാർഡ് ലഭിച്ചത്. മൈഗ്നനു ഫൗളിനെത്തുടർന്ന് നേരിട്ട് ചുവപ്പുകാർഡ് ലഭിച്ചപ്പോൾ ജോസെപ് മാർട്ടിനസിനു ഫൗളിനെ തുടർന്ന് രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകിയാണ് പുറത്താക്കിയത്.

മൈഗ്നന് ചുവപ്പുകാർഡ് ലഭിച്ചപ്പോൾ പകരം ഒരു ഗോൾകീപ്പറെ ഇറക്കാൻ മിലാനു കഴിഞ്ഞിരുന്നില്ല. അനുവദിച്ച മുഴുവൻ സബ്സ്റ്റിറ്റ്യുഷനും ആ സമയമാകുമ്പോഴേക്കും നടത്തിയതിനെ തുടർന്നാണ് മിലാൻ പകരം ഗോൾകീപ്പറെ ഇറക്കാൻ കഴിയാതെ ബുദ്ധിമുട്ടിയത്. തുടർന്ന് മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ ഫ്രഞ്ച് സ്‌ട്രൈക്കറായ ഒലിവർ ജിറൂദാണ് ബാക്കിയുള്ള സമയം എസി മിലാന്റെ ഗോൾവല കാത്തത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ എട്ടാം മിനുട്ട് മുതൽ പിന്നീട് കളിയവസാനിക്കുന്നത് വരെ ഒലിവർ ജിറൂദാണ് ടീമിന്റെ ഗോൾകീപ്പറായി ഉണ്ടായിരുന്നത്. ഒരു ഗോളിന്റെ ലീഡ് മാത്രം ഉണ്ടായിരുന്ന മിലൻറെ വിജയം ഉറപ്പിച്ച ഒരു സേവും താരം നടത്തിയിരുന്നു. ജെനോവ നടത്തിയ മുന്നേറ്റം ബോക്‌സിൽ എത്തിയപ്പോൾ അഡ്വാൻസ് ചെയ്‌തു മുന്നേറിയ ജിറൂദ് നടത്തിയ രക്ഷപ്പെടുത്തൽ ഒരു പ്രോപ്പർ ഗോൾകീപ്പർ സേവ് തന്നെയായിരുന്നു. തന്റെ ധൈര്യവും അതിലൂടെ താരം തെളിയിച്ചു.

മുപ്പത്തിയേഴുകാരനായ ഒലിവർ ജിറൂദ് ഈ സീസണിലും മിലാനു വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്. ഏഴു മത്സരങ്ങളിൽ മിലാനായി കളത്തിലിറങ്ങിയ താരം നാല് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി. അതിനു പുറമെ ഒരു ക്ലീൻ ഷീറ്റും താരം കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയെന്നു വേണമെങ്കിൽ പറയാം. എന്തായാലും മികച്ച പ്രകടനം നടത്തുന്ന മിലാൻ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ഇന്റർ മിലാനും യുവന്റസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ നാപ്പോളിയാണ് നാലാം സ്ഥാനത്താണ്.

Giroud Played In Goal For AC Milan