ലോകകപ്പ് നേടിയ താരം കോപ്പ അമേരിക്ക ടീമിലുണ്ടാകില്ല, കടുത്ത തീരുമാനവുമായി ലയണൽ സ്‌കലോണി | Copa America

ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിങ്ങനെ കഴിഞ്ഞ മൂന്നു പ്രധാന കിരീടങ്ങളും തൂത്തു വാരിയെടുത്ത അർജന്റീന അടുത്ത മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റിനായി തയ്യാറെടുക്കുകയാണ്. ഏതാനും വർഷങ്ങളായി അന്താരാഷ്‌ട്ര ഫുട്ബോളിൽ നടത്തുന്ന കുതിപ്പ് തുടരാൻ കഴിയുമെന്ന പ്രതീക്ഷ അർജന്റീന ടീമിനുണ്ട്.

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ ഭൂരിഭാഗം താരങ്ങളും അർജന്റീന ടീമിനൊപ്പം കോപ്പ അമേരിക്കക്കും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില താരങ്ങൾക്ക് പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അവരെ സംബന്ധിച്ച തീരുമാനം അവസാനമേ എടുക്കുന്നുണ്ടാകൂ. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും കോപ്പ അമേരിക്ക ടീമിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളത് ഗുയ്‌ഡോ റോഡ്രിഗസാണ്.

കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ ടീമിലെ പ്രധാനപ്പെട്ട താരമായിരുന്നു ഗുയ്‌ഡോ റോഡ്രിഗസ്. ഗ്രൂപ്പ് ഘട്ടത്തിൽ യുറുഗ്വായ്‌ക്കെതിരെ അർജന്റീന ടൂർണമെന്റിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയപ്പോൾ വിജയഗോൾ നേടിയത് ഗുയ്‌ഡോയാണ്. ആ ടൂർണമെന്റിൽ ഭൂരിഭാഗം മത്സരങ്ങളിലും കളിച്ചെങ്കിലും ലോകകപ്പിൽ മെക്‌സിക്കോക്കെതിരെ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്.

നിലവിൽ സ്‌പാനിഷ്‌ ക്ലബായ റയൽ ബെറ്റിസിലാണ് ഗുയ്‌ഡോ റോഡ്രിഗസ് കളിക്കുന്നത്. ഡിഫെൻസിവ് മിഡ്‌ഫീൽഡറായി കളിക്കുന്ന താരം ഈ സീസണിൽ ഇരുപത്തിമൂന്നു മത്സരങ്ങൾ കളിച്ച് രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ മൂന്നു മാസത്തോളം പരിക്കേറ്റു പുറത്തിരുന്ന താരത്തെ ഒഴിവാക്കാനുള്ള തീരുമാനം സ്‌കലോണി എടുത്തുവെന്നാണ് റിപ്പോർട്ടുകൾ.

ഇരുപത്തിമൂന്നംഗ അർജന്റീന ടീമിൽ നിന്നുമാണ് ഗുയ്‌ഡോ റോഡ്രിഗസ് പുറത്തായിരിക്കുന്നത്. കോൺമെബോൾ ടൂർണമെന്റിന് ഇരുപത്തിയാറു പേരെ ടീമിൽ അനുവദിക്കുമെങ്കിൽ ഗുയ്ഡോയും അർജന്റീനക്കൊപ്പമുണ്ടാകും. ഈ സീസണിന് ശേഷം ഫ്രീ ഏജന്റായി ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണ് ഗുയ്‌ഡോ റോഡ്രിഗസ്.

Guido Rodriguez Not An Option For Copa America