ഏതു ക്ലബിലേക്കെന്ന കാര്യത്തിൽ കേൻ തീരുമാനമെടുത്തു, വിൽക്കാൻ താൽപര്യമില്ലെന്ന നിലപാടിലുറച്ച് ടോട്ടനം | Harry Kane

വൺ സീസൺ വണ്ടർ എന്ന പേരിൽ നിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ എന്ന നിലയിലേക്ക് ഉയർന്നു വന്ന താരമാണ് ടോട്ടനം സ്‌ട്രൈക്കർ ഹാരി കേൻ. നിരവധി സീസണുകളായി ടോട്ടനത്തിനായി മികച്ച പ്രകടനം നടത്തുന്ന താരത്തിന് പക്ഷെ ഇതുവരെ കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാത്തതിനാൽ ഈ സമ്മറിൽ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കുന്ന താരത്തെ ഈ സമ്മറിൽ വിറ്റില്ലെങ്കിൽ ഫ്രീ ഏജന്റായി നഷ്‌ടമാകുമെന്നതിനാൽ ടോട്ടനവും താരത്തിനായി ഓഫറുകൾ പരിഗണിക്കുന്നുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കും കേനുമായി ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ടോട്ടനം അതിനു സമ്മതമില്ലെന്ന നിലപാടിലാണ് നിൽക്കുന്നത്.

താരത്തിനായി അറുപതു മില്യൺ പൗണ്ട് ട്രാൻസ്‌ഫർ ഫീസായി നൽകാമെന്നാണ് ബയേൺ മ്യൂണിക്ക് പറയുന്നത്. എന്നാൽ ആ തുക കേനിന് തങ്ങൾ നൽകിയിരിക്കുന്ന മൂല്യത്തേക്കാൾ വളരെ കുറവായതു കൊണ്ട് വിൽക്കാൻ തയ്യാറല്ലെന്നാണ് ടോട്ടനം പറയുന്നത്. തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകിയാൽ ഇംഗ്ലണ്ട് താരത്തെ വിട്ടു നൽകാൻ ടോട്ടനം തയ്യാറായേക്കും.

ഇരുപത്തിയൊമ്പതു വയസുള്ള കേൻ കഴിഞ്ഞ സീസണിൽ മുപ്പത് പ്രീമിയർ ലീഗ് ഗോളുകളാണ് നേടിയത്. ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ ലോകോത്തര നിലവാരം പുലർത്തുന്ന താരത്തെ സ്വന്തമാക്കുന്നത് ഏതു ടീമിനും ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ താരത്തിനായി വരുന്ന ഓഫറുകൾ പരിഗണിക്കാത്ത ടോട്ടനം സമ്മർ ജാലകത്തിന്റെ അവസാനം വരെ ട്രാൻസ്‌ഫർ നീട്ടിക്കൊണ്ടു പോകാനാകും ശ്രമിക്കുക.

Harry Kane Reach Agreement With Bayern Munich