മുപ്പത്തിയെട്ടാം വയസിൽ കിടിലൻ അക്രോബാറ്റിക് ഗോൾ, ചരിത്രനേട്ടം കുറിച്ച് സുനിൽ ഛേത്രി | Sunil Chhetri

സാഫ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കരുത്തരായ കുവൈറ്റിനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഈ മാസം നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ചാമ്പ്യന്മാരായി മാറിയതിന്റെ ആത്മവിശ്വാസവുമായി സാഫ് ചാമ്പ്യൻഷിപ്പിനെത്തിയ ഇന്ത്യ കുവൈറ്റിനെതിരെ വിജയത്തിന്റെ അരികിൽ എത്തിയെങ്കിലും ഒടുവിൽ അവസാന നിമിഷത്തിൽ സെൽഫ് ഗോൾ കാരണം സമനില വഴങ്ങി.

മത്സരത്തിൽ മുപ്പത്തിയെട്ടു വയസുള്ള, ടീമിന്റെ നായകനായ സുനിൽ ഛേത്രി നേടിയ ഗോളാണ് ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. ആദ്യപകുതി അവസാനിക്കും മുൻപുള്ള ഇഞ്ചുറി ടൈമിൽ അനിരുദ്ധ് താപ്പയെടുത്ത കോർണറിൽ നിന്നാണ് ഛേത്രി ഗോൾ നേടിയത്. ബോക്‌സിലേക്ക് ഉയർന്നു വന്ന പന്ത് നിലം തോടും മുൻപേ കിടിലൻ അക്രോബാറ്റിക് വോളിയിലിലൂടെ താരം വലയിലെത്തിച്ചു.

ഈ ഗോളോടെ ഇന്റർനാഷണൽ മത്സരങ്ങളിലെ മികച്ച ഗോൾവേട്ടക്കാരിൽ 92 ഗോളോടെ നാലാം സ്ഥാനത്തു തുടരുന്ന സുനിൽ ഛേത്രി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഇന്നലത്തെ മത്സരത്തിൽ നേടിയ ഗോൾ സാഫ് ചാമ്പ്യൻഷിപ്പിൽ ഛേത്രി നേടുന്ന ഇരുപതിനാലാമത്തെ ഗോളായിരുന്നു. സാഫ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം ഗോളുകളെന്ന മാലിദ്വീപ് താരം അലി അഷ്‌ഫാഖിന്റെ റെക്കോർഡ് ഛേത്രി മറികടന്നു.

മത്സരത്തിൽ വിജയം കൈവിട്ടത് ഗ്രൂപ്പ് ചാമ്പ്യന്മാരായി മാറാൻ ഇന്ത്യയുടെ സാധ്യതകൾ ഇല്ലാതാക്കി. അടിച്ച ഗോളുകളുടെ എണ്ണത്തിൽ കുവൈറ്റിനെക്കാൾ ഒരു ഗോൾ പിന്നിലായിപ്പോയ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ഇതോടെ അടുത്ത ഗ്രൂപ്പിൽ ജേതാക്കളായി വരുന്ന കരുത്തരായ ടീമിനെ തന്നെ ഇന്ത്യക്ക് സെമിയിൽ നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

Sunil Chhetri Goal Against Kuwait In SAFF