മെസി ട്രാൻസ്‌ഫർ നടന്നില്ല, ലോകകപ്പിൽ മിന്നിത്തിളങ്ങിയ താരത്തെയും വേണ്ടെന്നു വെച്ച് ബാഴ്‌സലോണ | Barcelona

ഖത്തർ ലോകകപ്പിൽ അതിഗംഭീര പ്രകടനം നടത്തി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരമായ സോഫിയാൻ അംറാബാദിനെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് ആഗ്രഹമുണ്ടായിരുന്നു. നിലവിൽ ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീനയിൽ കളിക്കുന്ന താരത്തിനായി ബാഴ്‌സലോണ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നും ക്ലബ് പൂർണമായും പിൻവാങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ലയണൽ മെസിയെ ബാഴ്‌സലോണയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികൾ നടക്കാതിരുന്നതാണ് ഇതിനു കാരണമെന്നാണ് സൂചനകൾ. മെസി ബാഴ്‌സലോണയിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ ഏതെങ്കിലും താരത്തെ ഒഴിവാക്കിയേ തീരുവെന്ന സ്ഥിതി വന്നപ്പോൾ മെസി അതിൽ നിന്നും പിൻമാറി ഇന്റർ മിയാമിയിലേക്ക് എത്തുകയായിരുന്നു.

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് വരികയാണെങ്കിൽ മിഡ്‌ഫീൽഡിനെ കൂടുതൽ ശക്തമാക്കാൻ വേണ്ടിയാണ് അംറാബാത്തിനെ സ്വന്തമാക്കാൻ ക്ലബ് ശ്രമിച്ചു കൊണ്ടിരുന്നത്. 36 വയസുള്ള മെസിയും 34 വയസുള്ള ലെവൻഡോസ്‌കിയും മുന്നേറ്റനിരയിൽ കളിക്കുമ്പോൾ അവരെ കവർ ചെയ്യാൻ അധ്വാനിച്ചു കളിക്കുന്ന മധ്യനിര താരം ആവശ്യമാണെന്നതു കൊണ്ടാണ് മൊറോക്കൻ താരത്തെ ലക്ഷ്യമിട്ടത്.

ലയണൽ മെസി ക്ലബ്ബിലേക്ക് വരുന്നില്ലെന്ന തീരുമാനം എടുത്തതോടെ കായികപരമായി മുന്നിൽ നിൽക്കുന്ന താരങ്ങളേക്കാൾ പന്തിൽ ആധിപത്യമുള്ള, സാങ്കേതികമായി മുന്നിലുള്ള താരങ്ങളെയാണ് ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഗുൻഡോഗനെ അവർ ടീമിലെത്തിച്ചിരുന്നു. ഇതിനു പുറമെ മറ്റൊരു മധ്യനിര താരത്തെക്കൂടി അവർ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

Barcelona Dropped Amrabat Interest After Messi Snub