റയൽ മാഡ്രിഡിനു വെല്ലുവിളിയായി പ്രീമിയർ ലീഗ് വമ്പന്മാർ, എംബാപ്പെ ട്രാൻസ്‌ഫറിൽ പുതിയ ട്വിസ്റ്റ് | Mbappe

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തുടരുന്നില്ലെന്ന തീരുമാനം എടുത്തിട്ടുണ്ട്. അടുത്ത ജൂണിൽ കരാർ അവസാനിക്കുന്ന താരം അതിനു ശേഷം കരാർ നീട്ടുന്നില്ലെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇതോടെ ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫ്രീ ഏജന്റായി എംബാപ്പയെ നഷ്‌ടമാകുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിട്ടു കൊണ്ടിരിക്കുന്നത്.

റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തന്റെ താൽപര്യം എംബാപ്പെ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് എന്നതിനാൽ തന്നെ താരം എന്തായാലും ലോസ് ബ്ലാങ്കോസിൽ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ എംബാപ്പയെ സ്വന്തമാക്കുന്ന കാര്യത്തിൽ റയൽ മാഡ്രിഡിന് വെല്ലുവിളിയുമായി ലിവർപൂൾ രംഗത്തുണ്ടെന്നാണ് ഫിഫ ഏജന്റായ മാർകോ കിർഡെർമിർ പറയുന്നത്.

“ലിവർപൂൾ എംബാപ്പയെ സ്വന്തമാക്കുന്നതിനു വേണ്ടി റയൽ മാഡ്രിഡുമായി മത്സരിക്കുന്നുണ്ട്. അവരൊരു വലിയ തുക തന്നെ എംബാപ്പക്കായി മുടക്കാൻ തയ്യാറാകുന്നു. അടുത്തയാഴ്‌ച കൂടുതൽ വാർത്തകൾ ഉണ്ടായിരിക്കും, ഇംഗ്ലണ്ടിൽ നിന്നും ജർമനിയിൽ നിന്നും വാർത്തകൾ ഉണ്ടാകും.” അദ്ദേഹം പറഞ്ഞു. 300 മില്യണാണ് ലിവർപൂൾ എംബാപ്പാക്കായി മുടക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.

തന്റെ കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് എംബാപ്പെ പിഎസ്‌ജിയെ അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ സമ്മറിൽ താരത്തെ വിൽക്കാനുള്ള നീക്കങ്ങളാണ് പിഎസ്‌ജി നടത്തുന്നത്. അതല്ലെങ്കിൽ കരാർ നീട്ടണമെന്ന ആവശ്യവും ക്ലബ് മുന്നോട്ടു വെച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് ഈ സമ്മറിൽ ഇനി സൈനിങ്‌ നടത്തുന്നില്ലെന്നു പ്രഖ്യാപിച്ചതിനാൽ തന്നെ ലിവർപൂളിന് പ്രതീക്ഷയുണ്ട്.

Liverpool To Rival Real Madrid For Mbappe