നെയ്‌മറുടെ കാര്യത്തിൽ മലക്കം മറിഞ്ഞ് പിഎസ്‌ജി, ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾ സംഭവിക്കുന്നു | Neymar

ലയണൽ മെസിയുടെ സൗദി അറേബ്യ സന്ദർശനത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ താരത്തിനൊപ്പം തന്നെ ആരാധകർ നെയ്‌മർക്കെതിരെയും പ്രതിഷേധം ഉയർത്തിയിരുന്നു. നെയ്‌മറുടെ വീടിനു മുന്നിലാണ് ആരാധകർ പ്രതിഷേധം സംഘടിപ്പിച്ചത് എന്നതിനാൽ തന്നെ താരം ഈ സമ്മറിൽ ക്ലബ് വിട്ടുപോകാനുള്ള സാധ്യത ഉണ്ടായിരുന്നു. താരത്തെ ഒഴിവാക്കാൻ പിഎസ്‌ജിക്കും താൽപര്യമുണ്ടായിരുന്നു.

എന്നാൽ പിഎസ്‌ജി വിടാനുള്ള എംബാപ്പയുടെ തീരുമാനം ഇപ്പോഴത്തെ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരം അത് പുതുക്കാനില്ലെന്ന തീരുമാനം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. എംബാപ്പെ കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റായി താരത്തെ നഷ്‌ടമാകും എന്നതിനാൽ ഈ സമ്മറിൽ തന്നെ വിൽക്കാനുള്ള ശ്രമമാകും പിഎസ്‌ജി നടത്തുക.

എംബാപ്പെ പിഎസ്‌ജി വിടുന്നത് നെയ്‌മർ തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മുൻ ബാഴ്‌സലോണ പരിശീലകനായ ലൂയിസ് എൻറിക്ക് പിഎസ്‌ജി പരിശീലകനാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എൻറിക്കിന് കീഴിൽ ബാഴ്‌സലോണയിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള നെയ്‌മർക്ക് അദ്ദേഹത്തിന് കീഴിൽ തന്നെ തുടരാനാണ് ആഗ്രഹം.

എംബാപ്പെ ക്ലബ് വിടുന്നതിനാൽ നെയ്‌മറെ നിലനിർത്താൻ പിഎസ്‌ജിക്ക് താൽപര്യമുണ്ട്. അതുമാത്രമല്ല, ഇതോടെ ടീമിന്റെ പ്രധാനപ്പെട്ട കളിക്കാരനായും നെയ്‌മർക്ക് മാറാൻ കഴിയും. എൻറിക്വക്ക് കീഴിൽ പുതിയൊരു സ്വാതന്ത്ര്യം ലഭിക്കുമെന്നതിനാൽ തനിക്കെതിരെ വിമർശനം നടത്തിയ ആരാധകരെക്കൊണ്ട് മാറ്റി പറയിക്കാൻ താരത്തിന് ലഭിക്കുന്ന അവസരം കൂടിയായിരിക്കുമിത്.

Neymar Set To Remain At PSG