എംബാപ്പെ വന്നാലും വിനീഷ്യസ് തന്നെയാവും രാജാവ്, പുതിയ തീരുമാനവുമായി റയൽ മാഡ്രിഡ് | Vinicius Jr

കഴിഞ്ഞ ഏതാനും സീസണുകളായി റയൽ മാഡ്രിഡ് ടീമിന്റെ പ്രധാന താരമാണ് വിനീഷ്യസ് ജൂനിയർ. കാർലോ ആൻസലോട്ടിക്ക് കീഴിൽ ദിശാബോധം കണ്ടെത്തിയ താരം ഗംഭീര പ്രകടനമാണ് കഴിഞ്ഞ രണ്ടു സീസണുകളിലായി ടീമിനൊപ്പം നടത്തുന്നത്. വെറും ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരത്തിന് ഇനിയും വളർന്നു വരാൻ സമയവും അവസരവുമുണ്ടെന്നത് താരത്തിന്റെ മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

അതിനിടയിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിച്ചത് വിനീഷ്യസ് ജൂനിയറിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കകൾ ഉണ്ടാക്കിയ കാര്യമാണ്. ഈ രണ്ടു താരങ്ങളും ഒരേ പൊസിഷനിൽ കളിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് എന്നതിനാൽ തന്നെ എംബാപ്പെ ക്ളബിലെത്തുന്നതോടെ വിനീഷ്യസിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമോയെന്ന സംശയം പലർക്കുമുണ്ടായിരുന്നു.

എന്നാൽ വിനീഷ്യസിന് വമ്പൻ കരാർ നൽകിയാണ് റയൽ മാഡ്രിഡ് ഈ സംശയങ്ങൾക്ക് മറുപടി നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരത്തിന് അഞ്ചു വർഷത്തേക്ക് കൂടി കരാർ നീട്ടി നൽകാൻ റയൽ മാഡ്രിഡ് ഒരുങ്ങുകയാണ്. സ്‌പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ ആഴ്‌ചയോ അല്ലെങ്കിൽ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ താരം പുതിയ കരാർ ഒപ്പുവെക്കും.

ഒരു ബില്യൺ യൂറോ റിലീസിംഗ് ക്ലോസ് വെക്കുന്ന കരാർ പ്രകാരം ബാലൺ ഡി ഓർ നേടിയാലുള്ള ബോണസ് തുകയും ഉൾപ്പെടുന്നു. റയൽ മാഡ്രിഡിന് വിനീഷ്യസിലുള്ള പ്രതീക്ഷ ഇതിൽ നിന്നും വ്യക്തമാണ്. എംബാപ്പെ വന്നാലും വിനീഷ്യസിനെ ടീമിന്റെ ഭാവിതാരമായി അവർ പരിഗണിക്കുന്നുണ്ടെന്ന് ഇതിലൂടെ മനസിലാക്കാൻ കഴിയുന്നു. അതിനു പുറമെ താരം ടീമിനോട് കാണിക്കുന്ന ആത്മാർത്ഥയും മികച്ചതാണ്.

Vinicius Jr Close To Sign New Real Madrid Contract