റൊണാൾഡോയുടെ റെക്കോർഡുകൾ തകർക്കുന്നത് എന്റെ ലക്ഷ്യമേയല്ല, ലയണൽ മെസി പറയുന്നു | Messi

ഫുട്ബോൾ ലോകം ഒരുപാട് കാലം അടക്കി ഭരിച്ച രണ്ടു താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഈ രണ്ടു താരങ്ങളും ഫുട്ബോൾ ലോകം ഭരിച്ച ഒന്നരപതിറ്റാണ്ടോളം മറ്റൊരു താരത്തിനും പ്രകടനത്തിലായാലും മറ്റേതു കാര്യത്തിലായാലും ഇവരെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. അത്രയും സ്വാധീനം ഫുട്ബോൾ ആരാധകരുടെ ഇടയിൽ ചെലുത്താൻ ഈ ഇവർ രണ്ടു പേർക്കും കഴിഞ്ഞിട്ടുണ്ട്.

ഫുട്ബോൾ ലോകത്തെ ഒട്ടനവധി റെക്കോർഡുകളാണ് ഈ രണ്ടു താരങ്ങളുടെയും പേരിലുള്ളത്. പലപ്പോഴും ഒരാളുടെ റെക്കോർഡ് മറ്റൊരാൾ തകർക്കുന്നതും കാണാറുണ്ട്. അതേസമയം റെക്കോർഡുകൾ തകർക്കുക എന്നത് തന്റെ പ്രധാനപ്പെട്ട ലക്ഷ്യമേയല്ലെന്നാണ് മെസി പറയുന്നത്. റൊണാൾഡോയുടെ റെക്കോർഡുകൾ തകർക്കുകയെന്ന ലക്‌ഷ്യം മുന്നിലുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

“അർജന്റീനക്കൊപ്പം എനിക്ക് നേടാൻ കഴിഞ്ഞതിനൊപ്പം ക്ലബ് തലത്തിൽ ചാമ്പ്യൻസ് ലീഗ്, ലീഗുകൾ തുടങ്ങിയ സുപ്രധാന കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഞാൻ വിജയിച്ച ഈ നേട്ടങ്ങളാണ് എന്റെ കരിയർ അവസാനിക്കുമ്പോൾ ബാക്കി നിൽക്കുന്നത്. ഗോളുകളും റെക്കോർഡുകളും നമുക്കൊപ്പം ഉണ്ടാകും. അവയെല്ലാം രസകരമായ നേട്ടങ്ങളാണെങ്കിലും എനിക്ക് രണ്ടാമതാണ്.” മെസി പറഞ്ഞു.

ഒരുപാട് കാലം യൂറോപ്പിൽ നിലനിന്നിരുന്ന മെസി, റൊണാൾഡോ ആധിപത്യത്തിന് ഏറെക്കുറെ അവസാനമായിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലേക്കും മെസി അമേരിക്കൻ ലീഗ് സോക്കറിലേക്കും ചേക്കേറിയിരിക്കുകയാണ്. ഇതോടെ യൂറോപ്യൻ ഫുട്ബോളിലിനി പുതിയ താരങ്ങൾ ഉയർന്നു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Messi Speaks About Breaking Ronaldo Records