മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ ചെൽസി ഹൈജാക്ക് ചെയ്യുന്നു, വമ്പൻ തുകയുടെ ഓഫർ നൽകി | Chelsea

ജൂണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡേവിഡ് ഡി ഗിയയുടെ കരാർ പൂർത്തിയാവുകയാണ്. നിരവധി അബദ്ധങ്ങൾ മത്സരത്തിനിടെ നടത്താറുള്ള ഡി ഗിയക്ക് പകരക്കാരനെ കണ്ടെത്തണമെന്ന ആവശ്യം ആരാധകർക്കുണ്ടെങ്കിലും കരാർ പുതുക്കാനുള്ള നീക്കമാണ് ക്ലബ് നടത്തുന്നത്. എന്നാൽ അതിനോട് അനുകൂലമായി പ്രതികരിക്കാൻ ഇതുവരെ സ്‌പാനിഷ്‌ ഗോൾകീപ്പർ തയ്യാറായിട്ടില്ല.

ഡി ഗിയ ക്ലബിൽ തുടരുകയാണെങ്കിലും ഒന്നാം നമ്പർ ഗോൾകീപ്പറായി തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്ലബ് സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. നിലവിൽ ഇന്റർ മിലാൻ ഗോൾകീപ്പറായ ആന്ദ്രേ ഒനാന, പോർട്ടോയുടെ പോർച്ചുഗീസ് ഗോൾകീപ്പറായ ഡിയാഗോ കോസ്റ്റ എന്നിവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഡിയാഗോ കോസ്റ്റക്ക് വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കങ്ങളെ ചെൽസി ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണു പോർച്ചുഗീസ് മാധ്യമം എ ബോല റിപ്പോർട്ടു ചെയ്യുന്നത്. ഇരുപത്തിമൂന്നു വയസ് മാത്രമുള്ള താരത്തിനായി 65 മില്യൺ പൗണ്ട് നൽകാൻ ചെൽസി ഒരുക്കമാണ്. ഇതിൽ 22 മില്യൺ യൂറോയോളം ആദ്യം നൽകി ബാക്കി തുക തവണകളായാണ് ചെൽസി നൽകുക.

ചെൽസി ഇങ്ങിനെയൊരു ഓഫർ മുന്നോട്ടു വെച്ചെങ്കിലും പോർട്ടോ അതിനോട് എങ്ങിനെ പ്രതികരിക്കുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. താരത്തിനായി മുഴുവൻ തുകയും നൽകണമെന്ന നിലപാടോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഉടമ്പടികളോ പോർട്ടോ വെച്ചേക്കാം. അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷ പൂർണമായും അവസാനിച്ചിട്ടില്ല.

Chelsea Moving For Porto Goalkeeper Diogo Costa