പിഎസ്‌ജി വിട്ടെങ്കിലും മെസിയെത്തേടി ഫ്രഞ്ച് ലീഗിന്റെ പുരസ്‌കാരം, ലീഗിലെ ഏറ്റവും മികച്ച വിദേശതാരമായി തിരഞ്ഞെടുത്തു | Messi

ഏറെ പ്രതീക്ഷകളോടെയാണ് ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയതെങ്കിലും താരത്തിന് നിരാശപ്പെടുത്തുന്ന അനുഭവമാണ് അവിടെ നിന്നും ഉണ്ടായത്. ദിശാബോധമില്ലാത്ത ഒരു മാനേജ്‌മെന്റ് കൃത്യമായ പദ്ധതിയില്ലാതെ താരങ്ങളെ വാങ്ങിക്കൂട്ടി സന്തുലിതമല്ലാത്ത ഒരു ടീമിനെ സൃഷ്‌ടിച്ചപ്പോൾ കഴിഞ്ഞ രണ്ടു സീസണിലും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തന്നെ ടീമിന് പുറത്തു പോകേണ്ടി വന്നു.

ഫ്രാൻസിലെത്തിയ ആദ്യത്തെ സീസണിൽ മെസിക്ക് തന്റെ സ്വാഭാവികമായ പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഇക്കഴിഞ്ഞ സീസണിൽ താരം മികച്ചു നിന്നു. പതിനാറു ഗോളുകളും പതിനാറ് അസിസ്റ്റുകളുമാണ് താരം കഴിഞ്ഞ സീസണിൽ ലീഗിൽ സ്വന്തമാക്കിയത്. പിഎസ്‌ജി ലീഗ് വിജയം നേടാൻ നിർണായക പങ്കു വഹിച്ചതിനു ശേഷമാണ് താരം ക്ലബ് വിട്ടത്.

മെസിയുടെ പ്രകടനത്തിന് തീർച്ചയായും അർഹതയുള്ള പുരസ്‌കാരം ഇപ്പോൾ താരത്തെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിലെ ഏറ്റവും മികച്ച വിദേശതാരത്തിനുള്ള പുരസ്‌കാരമാണ് ലയണൽ മെസിയെ തേടി വന്നിട്ടുള്ളത്. അലക്‌സിസ് സാഞ്ചസ്, ജോനാഥൻ ഡേവിഡ്, ഫോളറിൻ ജെറി ബലോഗൻ എന്നിവരെ മറികടന്നാണ് മെസി ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

ആരാധകരുടെ പ്രതിഷേധം കൊണ്ട് കൂടിയാണ് മെസി പിഎസ്‌ജി വിടാനുള്ള തീരുമാനം എടുത്തതെന്ന് വ്യക്തം. എന്നാൽ മെസിയുടെ മൂല്യം അതിനു ശേഷമാകും അവർ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ഈ പുരസ്‌കാരം അതിനൊരു തുടക്കമാണ്. ഇതിനു പുറമെ കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരത്തിന്റെ പട്ടികയിൽ മെസിയുടെ രണ്ടു ഗോളുകളും ഇടം നേടിയിട്ടുണ്ട്.

Messi Best Foreign Player of Ligue 1 Last Season