സഹലിനെ നൽകിയാൽ രണ്ടു വമ്പൻ താരങ്ങളിലൊരാളെ പകരം തരാമെന്ന് ഓഫർ, നിരസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Sahal

കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യയുടേയും പ്രധാനതാരമായ സഹൽ അബ്‌ദുൾ സമദിനായി ഈ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. മികച്ച ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കുന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുമെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആരാധകർക്ക് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.

മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു, ഒഡിഷ, മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് എന്നീ ടീമുകളാണ് സഹലിനായി ഇപ്പോൾ രംഗത്തുള്ളത്. അതിനിടയിൽ സഹലിനു വേണ്ടി ഒരു വമ്പൻ ഓഫർ എടികെ മോഹൻ ബഗാൻ മുന്നോട്ടു വെച്ചിട്ടുണ്ട്. സഹലിനെ നൽകിയാൽ പകരം പ്രീതം കോട്ടാൽ അല്ലെങ്കിൽ ലിസ്റ്റൻ കോളാകോ എന്നീ താരങ്ങളിൽ ഒരാളെ നൽകാമെന്ന ഓഫറാണ് മോഹൻ ബഗാൻ മുന്നോട്ടു വെച്ചിരിക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിനു സ്വന്തമാക്കാൻ താൽപര്യമുള്ള താരമാണ് പ്രീതം കോട്ടാൽ. നേരത്തെ ഹോർമിപാമിനെ നൽകി പ്രീതമിനെ സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും ഇതുവരെ അതുമായി ബന്ധപ്പെട്ടു പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം സഹലിനെ നൽകി ഈ താരങ്ങളെ സ്വന്തമാക്കാനുള്ള ഓഫർ കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കത്തിൽ തന്നെ നിരസിച്ചിരിക്കുകയാണ്.

മലയാളികളുടെ പ്രിയപ്പെട്ട താരമായതിനാൽ തന്നെ സഹലിനെ പരമാവധി നിലനിർത്താൻ തന്നെയാകും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. എന്നാൽ പിഴശിക്ഷ ലഭിച്ച് സാമ്പത്തികമായ പ്രതിസന്ധി ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിടുന്നതിനാൽ താരം തുടരുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. അതേസമയം ബ്ലാസ്റ്റേഴ്‌സ് വിടുന്നത് സഹലിന്റെ കരിയറിന് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം ആരാധകർ കരുതുന്നുണ്ട്.

Kerala Blasters Reject Swap Deal For Sahal Abdul Samad