മെസിക്കൊപ്പം ചേരാൻ അർജന്റൈൻ പരിശീലകൻ ഇന്റർ മിയാമിയിലേക്ക്, ചർച്ചകൾ നടക്കുന്നു | Inter Miami

ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്ന് ലയണൽ മെസി തീരുമാനിച്ചെങ്കിലും അമേരിക്കൻ ക്ലബ് ഇതുവരെ താരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ മാസത്തോടെയാണ് പിഎസ്‌ജി കരാർ അവസാനിക്കുന്നത് എന്നിരിക്കെ അതിനു ശേഷമാണ് കരാർ ഒപ്പിടുന്നുണ്ടാവുക. ജൂലൈ പകുതിയോടെ താരത്തെ അമേരിക്കൻ ലീഗിൽ അവതരിപ്പിക്കുകയും ജൂലൈ 21നു അരങ്ങേറ്റം ഉണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ലയണൽ മെസിയുടെ വരവിനു പിന്നാലെ ഇന്റർ മിയാമി പരിശീലകനെ മാറ്റാനുള്ള നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്യുന്നത്. അർജന്റൈൻ പരിശീലകനായ ടാറ്റ ജെറാർഡോ മാർട്ടിനോയാണ് ഇന്റർ മിയാമിയുമായി ചർച്ചകൾ നടത്തുന്നത്. ലോകകപ്പിന് ശേഷം മെക്‌സിക്കോയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ മാർട്ടിനോ ഇപ്പോൾ ഫ്രീ ഏജന്റാണ്.

നിലവിൽ അമേരിക്കൻ ലീഗിൽ വളരെ മോശം പ്രകടനമാണ് ഇന്റർ മിയാമി നടത്തുന്നത്. ഈസ്റ്റേൺ കോൺഫറൻസിൽ പതിനെട്ടു മത്സരങ്ങൾ കളിച്ച അവർ അതിൽ പതിമൂന്നിലും തോറ്റു. അഞ്ചു മത്സരങ്ങളിൽ വിജയിച്ച അവർ ലീഗിൽ അവസാന സ്ഥാനത്താണ്. അതുകൊണ്ടു തന്നെ ടീമിൽ വലിയൊരു മാറ്റം ഉണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലകനെ മാറ്റുന്നതും അതുകൊണ്ടു തന്നെയാണ്.

ടാറ്റ മാർട്ടിനോ ബാഴ്‌സലോണയിലും അർജന്റീനയിലും ലയണൽ മെസിയെ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കീഴിലാണ് അർജന്റീന 2015, 2016 വർഷങ്ങളിൽ കോപ്പ അമേരിക്ക ഫൈനലിലെത്തി തോൽവിയേറ്റു വാങ്ങിയത്. ബാഴ്‌സലോണ പരിശീലകനെന്ന നിലയിൽ സൂപ്പർകപ്പാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നേട്ടം. മെസിയോട് വളരെ അടുപ്പമുള്ള പരിശീലകൻ കൂടിയാണ് മാർട്ടിനോ.

Tata Martino In Talks With Inter Miami