സ്റ്റേഡിയം കുലുക്കുന്ന അവിശ്വസനീയ ആരാധകക്കൂട്ടം, ഒരു കാര്യമൊഴികെ കേരള ബ്ലാസ്റ്റേഴ്‌സിൽ എല്ലാം നല്ലതായിരുന്നുവെന്ന് ബെർബെറ്റോവ് | Kerala Blasters

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ദിമിറ്റർ ബെർബെറ്റോവ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിൽ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതിനെ ന്യായീകരിക്കുന്ന പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞില്ല. പരിശീലകനായ ഡേവിഡ് ജെയിംസുമായുള്ള പ്രശ്‌നങ്ങളും പ്രായവും പരിക്കുമെല്ലാം തളർത്തിയ താരം ക്ലബിന് വലിയ സംഭാവനകളൊന്നും നൽകാതെയാണ് ഇവിടം വിട്ടത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള തന്റെ സമയത്തെക്കുറിച്ച് ബെർബെറ്റോവ് സംസാരിച്ചിരുന്നു. അതിൽ പരിശീലകനായുള്ള ഡേവിഡ് ജെയിംസുമായുള്ള അഭിപ്രായവ്യത്യാസം താരം കൃത്യമായി ആവർത്തിക്കുന്നുണ്ട്. പരിശീലകൻ ഒഴികെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ബാക്കിയെല്ലാം നല്ലതായിരുന്നുവെന്നും ടീമിന് വേണ്ടത് നൽകാൻ തനിക്ക് കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രത്യേകം പരാമർശിക്കാൻ ബെർബെറ്റോവ് മറന്നില്ല. മത്സരത്തിന് ഒരു മണിക്കൂർ മുൻപ് സ്റ്റേഡിയത്തിലേക്ക് വരുന്ന അവരുടെ ആഘോഷങ്ങളിൽ പലപ്പോഴും സ്റ്റേഡിയം കുലുങ്ങുന്നത് മനസിലാകാറുണ്ടെന്നും തൊട്ടടുത്തുള്ള താരങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ വരെ കേൾക്കാൻ പറ്റാറില്ലെന്നും ബെർബെറ്റോവ് പറയുന്നു. എന്നാൽ ടീമിനായി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 108 മത്സരങ്ങളിൽ നിന്നും 48 ഗോളും ടോട്ടനത്തിനായി 70 മത്സരങ്ങളിൽ നിന്നും 27 ഗോളുകളും നേടിയ ബെർബെറ്റോവിനു പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സിനായി ഒൻപത് മത്സരങ്ങളിൽ നിന്നും ഒരു തവണ മാത്രമാണ് വല കുലുക്കാൻ കഴിഞ്ഞത്. ഡേവിഡ് ജയിംസിന്റെ രീതികളോട് ഒട്ടും പൊരുത്തപ്പെട്ടു പോകാൻ കഴിയാതിരുന്ന താരം ആ സമയത്ത് അതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും നടത്തിയിരുന്നു.

Berbatov About His Life In Kerala Blasters