എഐഎഫ്എഫിന്റെ പദ്ധതികൾ വിജയിച്ചാൽ ഇന്ത്യ ലോകകപ്പ് കളിക്കും, ഇത് ആരാധകർ കാത്തിരുന്ന വാർത്ത | India

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ വളരെ സന്തോഷത്തോടെ സ്വീകരിച്ച വാർത്തയാണ് ഇന്നലെ പുറത്തു വന്നത്. സൗദി അറേബ്യയിൽ വെച്ചു നടത്താൻ തീരുമാനിച്ച 2034 ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിലും വെച്ച് നടത്താനുള്ള പദ്ധതികൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. ഇതിനായി സൗദിയുമായി ചർച്ചകൾ നടത്താനും എഐഎഫ്എഫ് മേധാവി തയ്യാറെടുക്കുന്നു.

കഴിഞ്ഞ മാസമാണ് സൗദി അറേബ്യയിൽ വെച്ചാണ് 2034 ലോകകപ്പ് നടക്കുകയെന്ന കാര്യത്തിൽ തീരുമാനമായത്. ഏഷ്യ, ഓഷ്യാനിയ മേഖലയിൽ നിന്നുള്ള ടീമുകളെയാണ് ആതിഥേയരായി ഫിഫ പരിഗണിച്ചത്. ടൂർണ്ണമെന്റിനായി ബിഡ് നൽകിയ ഓസ്‌ട്രേലിയ അതിൽ നിന്നും പിന്മാറിയതോടെ സൗദിയെ ഏകപക്ഷീയമായി ടൂർണമെന്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് നടത്താമെന്ന ഇന്ത്യയുടെ പദ്ധതി സൗദിയും ഫിഫയും അംഗീകരിച്ചാൽ അത് ഇന്ത്യക്ക് ലോകകപ്പ് കളിക്കാനുള്ള അവസരം കൂടിയാണ് ഉണ്ടാക്കുക. 2030 ലോകകപ്പ് നടക്കുന്നത് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ വെച്ചാണ്. ലോകകപ്പിന്റെ നൂറാം വാർഷികത്തിൽ നടക്കുന്ന ടൂർണമെന്റ് ആയതിനാൽ തുടക്കത്തിലെ മത്സരങ്ങൾ അർജന്റീന, യുറുഗ്വായ്, പാരഗ്വായ് എന്നീ രാജ്യങ്ങളൽ വെച്ചാണ് നടക്കുക.

ചുരുക്കിപ്പറഞ്ഞാൽ ആറു രാജ്യങ്ങളിൽ വെച്ച് നടക്കുന്ന 2030 ലോകകപ്പിൽ ഈ രാജ്യങ്ങൾക്കെല്ലാം നേരിട്ട് യോഗ്യത ലഭിക്കും. ഇതാണ് ഇന്ത്യയുടെ സാധ്യതയും വർധിപ്പിക്കുന്നത് 2034 ലോകകപ്പിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് നടത്താൻ ഫിഫയും സൗദിയും സമ്മതിച്ചാൽ അത് ഇന്ത്യ ടൂർണമെന്റിന് നേരിട്ട് യോഗ്യത നേടാൻ വഴിയൊരുക്കും. അങ്ങിനെയെങ്കിൽ ഇന്ത്യ ആദ്യമായി കളിക്കുന്ന ലോകകപ്പ് ആയിരിക്കുമത്.

ലോകകപ്പ് ടൂർണമെന്റിൽ കളിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഫുട്ബോളിന് നല്ല രീതിയിലുള്ള വളർച്ച ഉണ്ടാകണമെങ്കിൽ ഒരു ലോകകപ്പിലെങ്കിലും ടീം കളിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. എന്തായാലും 2034 ലോകകപ്പിലെ മത്സരങ്ങൾ രാജ്യത്ത് നടത്താനുള്ള എഐഎഫ്എഫിന്റെ പദ്ധതി വിജയിക്കാൻ ആരാധകരെന്ന നിലയിൽ പ്രാർത്ഥിക്കാം.

India Can Play 2034 World Cup If AIFF Win To Co Host The Tournament