മറ്റൊരു ക്ലബ് കൂടി ലോഡെയ്‌രോക്കു വേണ്ടി രംഗത്ത്, യുറുഗ്വായ് താരത്തിന്റെ ഏജന്റിന്റെ നിർണായക വെളിപ്പെടുത്തൽ | Nicolas Lodeiro

അഡ്രിയാൻ ലൂണക്ക് പകരക്കാരനായി നിക്കോളാസ് ലോഡെയ്‌രോയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ കാര്യമാണ്. മുപ്പത്തിനാലുകാരനായ യുറുഗ്വായ് താരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാൽ അത് ഐഎസ്എല്ലിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച ട്രാൻസ്‌ഫറുകളിൽ ഒന്നായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ലൂണക്ക് പകരക്കാരനാവാനോ, അല്ലെങ്കിൽ അതിന്റെ മുകളിലോ നിൽക്കുന്ന ഒരു താരമാണ് ലോഡെയ്‌രോ. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ പ്രതിസന്ധി സൃഷ്‌ടിച്ച് രണ്ടു ക്ലബുകൾ കൂടി താരത്തിനായി ശ്രമം നടത്തുന്നുണ്ട്. ലോഡെയ്‌രോയുടെ ആദ്യകാല ക്ലബായ നാഷണലും ചിലിയിലെ ക്ലബായ യൂണിവേഴ്‌സിഡഡ് ഡി ചിലിയുമാണ് ബ്ലാസ്റ്റേഴ്‌സിനു പുറമെ യുറുഗ്വായ് താരത്തിന് വേണ്ടി ശ്രമം നടത്തുന്നത്.

അതിനിടയിൽ നിക്കോളാസ് ലോഡെയ്‌രോയുടെ ഏജന്റായ ജെറാർഡോ കാനോ വെളിപ്പെടുത്തിയത് ബ്ലാസ്റ്റേഴ്‌സിന് ചെറുതായി നിരാശ നൽകുന്ന കാര്യങ്ങളാണ്. ഭാവിയെക്കുറിച്ച് ലോഡെയ്‌രോ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പറയുന്ന അദ്ദേഹം യുറുഗ്വായ് താരം ഇതുവരെ കളിച്ചിട്ടില്ലാത്ത, ദൂരെയുള്ള ഒരു രാജ്യത്ത് കളിക്കാൻ വരുന്നതിനോട് അത്ര അനുകൂലമായല്ല നിൽക്കുന്നതെന്നാണ് പറയുന്നത്.

അതേസമയം ലോഡെയ്‌രോയുടെ ആദ്യത്തെ ക്ലബായ നാഷണലുമായി താരം ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും ഏജന്റ് വെളിപ്പെടുത്തുന്നു. ഭാവിയെക്കുറിച്ച് ലോഡെയ്‌രോ തന്നെയാണ് തീരുമാനം എടുക്കുകയെന്നും ഈ വർഷം അവസാനിക്കുന്നതിനു മുൻപ് അതുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിന് താരത്തെ സമ്മതിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരാം.

ലോഡെയ്‌രോക്ക് നാഷണൽ ഓഫർ ചെയ്‌തതിനേക്കാൾ മികച്ച ഫിനാൻഷ്യൽ പാക്കേജാണ്‌ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്. എന്നാൽ സ്വന്തം രാജ്യത്ത് തന്നെ കളിക്കണമെന്ന ആഗ്രഹം താരത്തിന്റെ ഉള്ളിലുണ്ട്. അത് എംഎൽഎസിൽ കളിക്കുമ്പോൾ തന്നെ പലപ്പോഴും താരം വെളിപ്പെടുത്തിയിട്ടുമുണ്ട്. അത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയും.

Nicolas Lodeiro Not Yet Decided His Future