കേരള ബ്ലാസ്റ്റേഴ്‌സ് ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണ്, ലൂണക്ക് തിരിച്ചുവരാൻ ആശംസകൾ നേർന്ന് മുൻ താരങ്ങൾ | Kerala Blasters

അഡ്രിയാൻ ലൂണക്ക് പരിക്കേറ്റത് കേരള ബ്ലാസ്റ്റേഴ്‌സിന് നൽകിയ തിരിച്ചടി ചെറുതല്ല. ഇടതുകാലിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ താരം മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഈ സീസണിൽ താരം കളിക്കാൻ സാധ്യതയില്ല. പുതിയൊരു താരത്തെ സ്വന്തമാക്കുന്നത് വരെ ലൂണയുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കുകയും ചെയ്യും.

അതേസമയം ലൂണയുടെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ആശംസകൾ നിരവധി താരങ്ങൾ നൽകിയത് ബ്ലാസ്റ്റേഴ്‌സ് ഒരു കുടുംബം തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങൾക്ക് പുറമെ മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും അഡ്രിയാൻ ലൂണക്ക് ആശംസകൾ നൽകുകയുണ്ടായി.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ആശംസ ബ്ലാസ്റ്റേഴ്‌സിനായി മുൻപ് കളിച്ച ഹെയ്‌ത്തി താരമായ കെവിൻ ബെൽഫോർട്ടിന്റെതായിരുന്നു. അഡ്രിയാൻ ലൂണയും കെവിൻ ബെൽഫോർട്ടും ഇതുവരെ ഒരുമിച്ച് കളിച്ചിട്ടില്ല. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇപ്പോഴും പിന്തുടരുന്ന ബെൽഫോർട്ട് ടീമിന്റെ പ്രധാന താരത്തിന്”പെട്ടന്ന് സുഖമാകട്ടെ ലെജൻഡ്, കൂടുതൽ കരുത്തോടെ തിരിച്ചു വരാൻ കഴിയട്ടെ” എന്നാണു സന്ദേശം നൽകിയത്.

ഇതിനു പുറമെ ലൂണക്കൊപ്പം മുൻപ് ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിട്ടുള്ള ചില താരങ്ങളും ആശംസയുമായി എത്തുകയുണ്ടായി. ലൂണക്കൊപ്പം എത്തി ഒരു സീസണിന് ശേഷം ക്ലബ് വിട്ട സ്‌പാനിഷ്‌ താരം അൽവാരോ വാസ്‌ക്വസ്, കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന വിക്റ്റർ മോങ്കിൽ എന്നിവരാണ് മറ്റു താരങ്ങൾ. ഇതിനു പുറമെ ലോണിൽ ഗോകുലം കേരളയിൽ കളിക്കുന്ന ജസ്റ്റിൻ ഇമ്മാനുവലും സന്ദേശം നൽകുകയുണ്ടായി.

ഈ സന്ദേശങ്ങൾ ക്ലബ് വിട്ടാലും താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. താരങ്ങൾക്ക് ഈ സ്നേഹം ഉണ്ടാകാനുള്ള കാരണം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ പിന്തുണയുമാണ്. എന്തായാലും ഈ താരങ്ങൾ ആശംസിച്ചതു പോലെത്തന്നെ ലൂണ എത്രയും പെട്ടന്ന് തിരിച്ചുവരട്ടെയെന്നു തന്നെയാണ് ആരാധകർ ഇപ്പോൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത്.

Kerala Blasters Former Players Wishes Adrian Luna To Recovery